കശ്മീരിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ട്രെയിൻ ട്രാക്കിലേക്ക്. അടുത്ത മാസം സർവീസ് ആരംഭിക്കുമെന്നാണ് വിവരം. റിയാസിക്കും കത്രയ്‌ക്കും ഇടയിലുള്ള 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്‌ബിആർഎൽ) പദ്ധതിയുടെ ശേഷിക്കുന്ന 17 കിലോമീറ്റർ പാത പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം ഉദ്ഘാടനം ചെയ്യും.
13 മണിക്കൂറിനുള്ളിൽ 800 കിലോമീറ്റർ ദൂരം സഞ്ചരിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 15 മണിക്കൂറും 45 മിനിറ്റും യാത്ര ചെയ്താൽ കശ്മീരിൽ നിന്ന് ഡൽഹിയിലെത്താം. ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലവും ഈ റെയിൽ ലിങ്കിലാണ് ഉൾപ്പെട്ടിട്ടുള്ളത്.
സങ്കൽദാനിനും റിയാസിക്കും ഇടയിലുള്ള പാതയിൽ ട്രെയിനിന്റെ ട്രയൽ റൺ പുരോഗമിക്കുകയാണ്. റിയാസിക്കും കത്രയ്‌ക്കും ഇടയിലുള്ള നാല് സ്റ്റേഷനുകളും ടി 33 ടണലുമായി ശേഷിക്കുന്ന 17 കിലോമീറ്ററിന്റെ പണി പൂർത്തിയായി. ഡിസംബർ 20-നകം സ്ട്രെച്ച് ട്രയലിന് തയ്യാറാകുമെന്നാണ് റിപ്പോർട്ട്.
2025 ജനവുരി മുതൽ കശ്മീരിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തും. കശ്മീരിന്റെ സ്വന്തം ആപ്പിളുകൾ, ഡ്രൈ ഫ്രൂട്ട്‌സ്, പഷ്മിന ഷാളുകൾ, കരകൗശലവസ്തുക്കൾ തുടങ്ങിയ ചരക്കുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വളരെ വേഗത്തിൽ കൈമാറ്റം ചെയ്യാൻ സാധിക്കും. കശ്മീർ താഴ്വരയിലെ ജനങ്ങൾക്ക് ഇത് ഗുണം ചെയ്യും. ബനിഹാലിനും ബാരാമുള്ളയ്‌ക്കുമിടയിൽ നാല് കാർഗോ ടെർമിനലുകൾ നിർമ്മിക്കുമെന്നും മൂന്ന് ടെർമിനലുകൾക്കായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു.















