പ്രയാഗ് രാജ് : 2025 ജനുവരി 13, 2025 മുതൽ ഫെബ്രുവരി 26, 2025 വരെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേള 2025 നായി രാജ്യത്തുടനീളമുള്ള ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും ക്ഷണിക്കാൻ ഉത്തർപ്രദേശ് സർക്കാർ മന്ത്രിമാരെ അയക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേർത്ത മന്ത്രിമാരുടെ യോഗത്തിലാണ് ഇത് തീരുമാനിച്ചത്.
യുപി മന്ത്രിമാർ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശനം നടത്താനും ഗവർണർമാരെയും മുഖ്യമന്ത്രിമാരെയും കുംഭത്തിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരുടെ യാത്രാ പദ്ധതി തയ്യാറാക്കി വരികയാണ്. പ്രതിപക്ഷങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരുൾപ്പെടെ എല്ലാ മുഖ്യമന്ത്രിമാരെയും കാണുകയും അവരെ ക്ഷണിക്കുകയും ചെയ്യും എന്ന് സർക്കാർ വ്യക്തമാക്കി..
ഉത്തർപ്രദേശിലെ കുംഭ് പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ടെൻ്റുകളുടെ നഗരം സംസ്ഥാനത്തിന്റെ പ്രത്യേക ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്.മഹാ കുംഭമേള ജില്ല എന്നാണ് പുതിയ ജില്ല അറിയപ്പെടുക. ഞായറാഴ്ച രാത്രി വൈകിയാണ് സർക്കാർ ഉത്തരവിറക്കിയത്. 2025-ൽ 400 ദശലക്ഷത്തിലധികം ഭക്തർ മഹാ കുംഭ മേള സന്ദർശിക്കുമെന്ന് ഉത്തർപ്രദേശ് പ്രതീക്ഷിക്കുന്നു.















