ഹൈദരബാദ്: തെലങ്കാനയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.3 ശതമാനം തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. മുളുഗു ജില്ലയിലായിരുന്നു പ്രഭവ കേന്ദ്രം. രാവിലെ 7.27 നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. 20 വർഷത്തിനിടെ തെലങ്കാനയിൽ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത് .
ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിൽ അടക്കം ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടിട്ടുണ്ട്. വാറംഗലിലും വിജയവാഡയിലും പ്രകമ്പനം ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മുളുഗു ജനസാന്ദ്രത കൂടിയ പ്രദേശമല്ലാത്തതിനാൽ ആളപായമോ വലിയ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. അധികാരികൾ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്.















