കോഴിക്കോട്: എം.എം അലി റോഡിലെ പത്ത് വ്യാപാരികൾക്ക് വഖ്ഫ് ബോർഡിന്റെ നോട്ടീസ്. നാൽപതിലധികം വർഷങ്ങളായി വാടക കെട്ടിടത്തിൽ വ്യാപാരം നടത്തുന്നവർക്കാണ് വഖ്ഫ് ബോർഡ് നോട്ടീസ് അയച്ചിരിക്കുന്നത്. വസ്തു വഖ്ഫ് ചെയ്തതാണെന്നും ഉടൻ ഒഴിയണമെന്നുമാണ് വഖ്ഫ് ബോർഡിന്‍റെ ആവശ്യം.
” നാൽപ്പത് വർഷമായി ഇവിടെ സ്ഥാപനം നടത്തുന്നുണ്ട്. മൂസാ ഹാജിയിൽ നിന്നാണ് കെട്ടിടം വാടകയ്‌ക്കെടുത്തത്. പിന്നീട് എപ്പോഴോ ഇത് യത്തീംഖാനയ്‌ക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്തിട്ടുണ്ട്. പിന്നെ അവർക്ക് വാടക കൊടുക്കാൻ ഞങ്ങൾ നിർബന്ധിതരാകുകയായിരുന്നു. 2023ൽ കെട്ടിടം പൊളിച്ച് പുതിയത് പണിയണമെന്ന ആവശ്യവുമായി യത്തീംഖാന എത്തി. അന്ന് ഞങ്ങൾ അതിന് സമ്മതിച്ചതുമാണ്. എന്നാൽ ഇപ്പോൾ കെട്ടിടം ഉടൻ ഒഴിയണമെന്ന ആവശ്യപ്പെട്ട് വഖ്ഫ് ബോർഡിന്റെ നോട്ടീസാണ് കിട്ടിയിരിക്കുന്നത്. ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്, വ്യാപാരികൾ പറയുന്നു.
പത്ത് കടമുറികളാണ് കെട്ടിടത്തിലുള്ളത്. ഇതിൽ കച്ചവടം നടത്തുന്ന എല്ലാംവരും സാധാരണക്കാരാണ്. വഖ്ഫ് ബോർഡിന്റെ നീക്കത്തിനെതിരെ കോഴിക്കോട്ടെ വ്യാപാരി സമൂഹം കടുത്ത അമർഷത്തിലാണ്. പ്രത്യക്ഷ സമരപരിപാടിക്ക് പുറമേ നിയമപരമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ.















