കൊച്ചി: സന്നിധാനത്തും പമ്പയിലും സമരങ്ങൾ വിലക്കി ഹൈക്കോടതി. ഡോളി തൊഴിലാളി സമരം പോലെയുള്ളത് ആവർത്തിക്കരുതെന്ന് കോടതി താക്കീത് നൽകി. ശബരിമല തീർത്ഥാടന കേന്ദ്രമാണെന്നും സമരങ്ങൾ ഭക്തരുടെ ആരാധനാവകാശത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഡോളി സമരത്തെ രൂക്ഷമായി വിമർശിക്കുന്നതിനിടെയാണ് ശബരിമലയിൽ പ്രതിഷേധങ്ങളും സമരങ്ങളും വേണ്ടെന്ന് നിർദ്ദേശിച്ചത്. അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപേ ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തണമായിരുന്നുവെന്നും കോടതി വിമർശിച്ചു. ഡോളി സമരത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.
ഡോളി സർവീസ് പ്രീപെയ്ഡ് സംവിധാനം ഏർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചതോടെയാണ് പ്രതിഷേധവും സമരവുമായി തൊഴിലാളികൾ രംഗത്തെത്തിയത്. 80 കിലോവരെ തൂക്കത്തിന് 4,000 രൂപയും, നൂറുകിലോ വരെ ഭാരത്തിന് 5,000 രൂപയും, നൂറിന് മുകളിൽ 6,000 രൂപയും ഈടാക്കാനിയിരുന്നു തീരുമാനം. 125 രൂപ ദേവസംവ ബോർഡ് ഈടാക്കും. നിലവിലുള്ള തുക അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ സമരം നടത്തിയത്. ചർച്ച നടത്താമെന്ന എഡിഎമ്മിന്റെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.















