ലഖ്നൗ : മഹാകുംഭമേളയോടനുബന്ധിച്ചുള്ള നിരവധി വികസന പദ്ധതികളുടെ ഉദ്‌ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 13 ന് പ്രയാഗ്‌രാജ് സന്ദർശിക്കുന്നു. അതിനു മുന്നോടിയായി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രവര്ത്തനങ്ങളുടെ പൂർത്തീകരണം ഡിസംബർ 10-നകം നിർവ്വഹിക്കുവാൻ ഉത്തർപ്രദേശ് സർക്കാർ ഒരുങ്ങുകയാണ്.
ഡിസംബർ 13ന് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തും. അദ്ദേഹത്തിന്റെ ആദ്യ പരിപാടി ശ്രിംഗ്‌വേർപൂർ ധാമിലാണ് ഉണ്ടാവുക. അവിടെ അദ്ദേഹം നിഷാദ് രാജ് പാർക്ക്, ശ്രീരാമന്റെയും നിഷാദ് രാജന്റെയും ആലിംഗന പ്രതിമ, എന്നിവ ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം അരയിൽ ഘാട്ടിലെത്തി അവിടെനിന്ന് നിഷാദ് രാജ് ക്രൂയിസ് വഴി ത്രിവേണി സംഗമത്തിലെത്തും. സംഗമത്തിന്റെ തീരത്ത് സംഘടിപ്പിച്ച യോഗത്തിൽ 6,500 കോടി രൂപയുടെ 150-ലധികം നിർമാണ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. ഇതിന് മുമ്പ് പ്രധാനമന്ത്രി ഗംഗാ പൂജ നടത്തും .
മഹത്തായ പരിപാടിക്കുള്ള എല്ലാ ക്രമീകരണങ്ങളും ഷെഡ്യൂളിന് മുമ്പായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു . നിലവിലുള്ള പദ്ധതികളുടെ സമഗ്രമായ അവലോകനങ്ങളും പരിശോധനകളും യുദ്ധകാലാടിസ്ഥാനത്തിൽ മുതിർന്ന ഗവൺമെന്റ് അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിവരുന്നു.
2019 ലെ കുംഭമേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീർത്ഥസ്നാനം നടത്തുന്നതിൽ ഫയൽ ഫോട്ടോ ആണ് ഇതോടൊപ്പം ചേർത്തിരിക്കുന്നത്















