പത്തനംതിട്ട: ആറാം മാസത്തിൽ അയ്യപ്പനെ കാണാനെത്തി കുഞ്ഞുമാളികപ്പുറം. മാവേലിക്കര സ്വദേശി കൃഷ്ണകുമാറിന്റെ മകളാണ് അയ്യപ്പസന്നിധിയിലെത്തി എല്ലാവരുടെയും ലാളനകൾ ഏറ്റുവാങ്ങിയത്. ദര്‍ശനത്തിനെത്തിയ ഭക്തരുടെയും ദേവസ്വം ജീവനക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കണ്ണും മനസും നിറയ്‌ക്കുകയാണ് ആദ്യ.
അയ്യപ്പസന്നിധിയിലെ ആദ്യയുടെ കരച്ചിലും കളിചിരികളും കുസൃതികളുമൊക്കെ ഭക്തരുടെ മനം നിറച്ചു. അച്ഛന്റെ ഒക്കത്തിരുന്ന് പതിനെട്ടാംപടി കയറിയ ആദ്യ കരച്ചിൽ നിർത്താതെ വന്നതോടെ ദേവസ്വം ബോർഡ് ജീവനക്കാരനായ വിനോദ് എടുത്ത് തോളിലിട്ട് താലോലിച്ചു. പിന്നീട് അച്ഛൻ കൃഷ്ണകുമാറിന്റെ കയ്യിലുണ്ടായിരുന്ന കുപ്പിപ്പാൽ നൽകി. ആദ്യയുടെ കരച്ചിൽ കേട്ട് സമീപത്ത് നിന്ന സുരക്ഷാ ഉദ്യോഗസ്ഥർ കൂടി അടുത്തേക്കെത്തി ആദ്യയെ ലാളിച്ചു. ഇതോടെ കരച്ചിൽ കളിചിരിയായി മാറി.
ആദ്യയുടെ കളിചിരികൾ ചുറ്റും നിന്നിരുന്ന ഭക്തരുടെയും മനം കവർന്നു. ആദ്യയെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന സുരക്ഷാ ഉദ്യോസ്ഥരെയും കുഞ്ഞിനെ കയ്യിലെടുത്ത് തൊട്ടിലാട്ടുന്ന പൊലീസുകാരുമൊക്കെ സന്നിധാനത്തെ ഭക്തർക്ക് കൗതുകക്കാഴ്ചയായി. ശബരിമല ശാസ്താവിനെ കൺകുളിർക്കെ കണ്ടാണ് അച്ഛനോടൊപ്പം ആദ്യ മലയിറങ്ങിയത്.