ചണ്ഡിഗഢ്: സുഖബീർ സിംഗ് ബാദലിനെതിരെ സുവർണ ക്ഷേത്ര കവാടത്തിൽ വെടിയുതിർത്ത ആൾക്ക് ഖലിസ്ഥാൻ ബന്ധം. അക്രമി നരേൻ സിംഗ് ചൗര വിവിധ ഖലിസ്ഥാൻ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ട്. 2004 ലും 2013ലും ഇയാളെ പൊലീസ് പിടികൂടിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
നിരവധി സിഖുകാരെ കൊന്നോടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥാനം കയറ്റം നൽകിയതുൾപ്പെടെ വൈകാരിക വിഷയങ്ങൾ സുഖബീർ സിംഗ് ബാദലിനെതിരെ ഉയർന്നിരുന്നു. 1980 മുതൽ ബാദലിനെതിരെ നിലകൊള്ളുന്ന ഹവാര ഗ്രൂപ്പിന്റെ ഭാഗമാണ് നരേൻ സിംഗ് ചൗര. സിഖ് അനുഷ്ഠാന പ്രകാരം ശിക്ഷ അനുഭവിക്കാനാണ് ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് സുവർണ്ണ ക്ഷേത്രത്തിൽ എത്തിയത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഇദ്ദേഹത്തിനുണ്ട്.
പഞ്ചാബ് ഗുരുദാസ്പൂർ സ്വദേശിയാണ് നരേൻ സിംഗ് ചൗര. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകരസംഘടനയായ ബബ്ബർ ഖൽസ ഇൻ്റർനാഷണലുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് വിവരം.
ചൗരയ്‌ക്കെതിരെ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തിയ കുറ്റം ഉൾപ്പെടെ ഒരു ഡസനോളം കേസുകളുണ്ട്. 2014ൽ ബബ്ബർ ഖൽസ ഇൻ്റർനാഷണൽ തീവ്രവാദികളായ ജഗ്താർ സിംഗ് ഹവാര, പരംജിത് സിംഗ് ഭിയോറ, ജഗ്തർ സിംഗ് താര, ദേവി സിംഗ് എന്നിവരെ ജയിൽ ചാടാൻ സഹായിച്ചതും ഇതേ ചൗരയാണെന്നും ആരോപണം ഉയർന്നിരുന്നു. 100 അടി താഴ്ചയുള്ള ടണൽ വഴിയാണ് അന്ന് ഭീകരർ പുറത്ത് കടന്നത്.
1984ൽ പഞ്ചാബിലെ ഭീകരവാദത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നരേൻ സിംഗ് പാകിസ്താനിലേക്ക് പാലയനം ചെയ്തതായും റിപ്പോർട്ടുണ്ട്. 2022ലാണ് ചൗര ജാമ്യത്തിൽ പുറത്തിറങ്ങിയത്.