ട്രാൻസിഷൻ വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മെട്രോ മനോരമയുടെ പ്രോഗ്രാം മിസ്റ്റർ ഹാൻഡിന്റെ ഗ്രാന്റ് ഫിനാലെ വേദിയിൽ നിന്ന് മാർക്കോയിൽ എത്തിനിൽക്കുന്ന ഉണ്ണിമുകുന്ദനെയാണ് ട്രാൻസിഷൻ വീഡിയോയിൽ കാണാൻ കഴിയുന്നത്.
മിന്നലായി വന്ന ഉണ്ണി മുകുന്ദൻ മാർക്കോയിൽ കാട്ടുതീയായി മാറിയിരിക്കുന്നുവെന്നാണ് ആരാധകർ പറയുന്നത്. ‘സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ എന്ന് ഉറപ്പിച്ച് പറയാം, ഒറ്റയ്‌ക്ക് വഴിവെട്ടി വന്നവൻ, കഠിനാദ്ധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയും ആഗ്രഹം നേടിയെടുത്തു’ എന്നിങ്ങനെയാണ് ആരാധകർ കുറിക്കുന്നത്.
ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് ചുവടുവച്ച ഉണ്ണി മുകുന്ദൻ തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് നായകവേഷത്തിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ മല്ലുസിംഗ്, വിക്രമാദിത്യൻ, ചാണക്യതന്ത്രം, ഇര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറി.
ഉണ്ണി മുകുന്ദന്റെ കരിയർ മാറ്റിയെഴുതിയ ജനപ്രിയ ചിത്രമായിരുന്നു മാളികപ്പുറം. സിനിമയിലെ ഉണ്ണി മുകുന്ദന്റെ പ്രകടനത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. പിന്നീട് റിലീസ് ചെയ്ത മേപ്പടിയാൻ, ജയ് ഗണേഷ്, തമിഴ് ചിത്രം ഗരുഡൻ എന്നിവയും തിയേറ്ററുകളിൽ വലിയ ആവേശമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ചിത്രം മാർക്കോയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ മാർക്കോയിലെത്തുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുക.