കൊച്ചി: നിർദ്ദേശിച്ച അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രത്തിലെ ആന എഴുന്നെളളിപ്പിൽ ദേവസ്വം ഭാരവാഹികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കടുത്ത പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും ഇങ്ങനെയെങ്കിൽ ആന എഴുന്നള്ളിപ്പിനുള്ള അനുമതി പിൻവലിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
പൂർണത്രയേശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രമാണിച്ച് ആചാരങ്ങൾ പാലിച്ച് 15 ആനകളുടെ എഴുന്നെളളത്ത് നടത്താൻ ഭാരവാഹികൾ കോടതിയുടെ അനുമതി തേടിയിരുന്നു. അന്നും കോടതി രൂക്ഷ വിമർശനം നടത്തുകയായിരുന്നു. ആന എഴുന്നെളളത്തിനെ ആചാരവുമായി കൂട്ടിക്കുഴയ്‌ക്കുന്നതിനെയും കോടതി വിമർശിച്ചു. ഇതിന് പിന്നാലെയാണ് ആനകളെ എഴുന്നെളളിച്ചപ്പോൾ മൂന്ന് മീറ്റർ അകലം പാലിച്ചില്ലെന്ന കാരണത്താൽ കോടതി ഭാരവാഹികളെ രൂക്ഷമായി വിമർശിച്ചത്.
ഒരു ദിവസമാണെങ്കിലും നിയമലംഘനം ലംഘനം തന്നെയാണെന്ന് കോടതി പറഞ്ഞു. മതത്തിന്റെ പേരിൽ എന്തും ചെയ്യാനാവില്ല. ദേവസ്വം ഭാരവാഹികൾ ഉത്തരവാദിത്വപരമായി പെരുമാറണം. നടന്നത് കോടതിയോടുള്ള പരസ്യമായ വെല്ലുവിളി. ജാമ്യം ലഭിക്കാത്ത കുറ്റമാണത്.
സുരക്ഷ മുൻനിർത്തിയാണ് നിർദേശങ്ങളെന്ന് ഡിവിഷൻ ബഞ്ച് പറഞ്ഞു. പൂർണ്ണത്രയേശ ക്ഷേത്ര ദേവസ്വം ഓഫീസറോട് സത്യവാങ്മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. മാർഗ്ഗ നിർദേശം ലംഘിച്ചതിന്റെ കാരണമെന്തെന്നും കോടതി ആരാഞ്ഞു. ഇങ്ങനെയാണെങ്കിൽ ഈ ആനകളെ അടുത്ത ഉത്സവം മുതൽ എഴുന്നെള്ളിപ്പിക്കാനുള്ള അനുമതി പിൻവലിക്കുമെന്നും കോടതി ആന ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.
മാർഗനിർദേശങ്ങൾ ലംഘിക്കുന്നുണ്ടോ എന്ന് കൃത്യമായി നിരീക്ഷിക്കണമെന്ന് ഓൺലൈനായി ഹാജരായ കളക്ടറോട് കോടതി നിർദ്ദേശിച്ചു. ഇതിനായി ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കണം. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ആന എഴുന്നെള്ളിപ്പിൽ മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ജില്ല കളക്ടർ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസങ്ങളിൽ മാർഗ്ഗനിർദേശങ്ങൾ പാലിച്ചിരുന്നു. നാലാം ദിനം വൈകുന്നേരം മാർഗനിർദേശങ്ങൾ ലംഘിച്ച് എഴുന്നള്ളിപ്പ് നടത്തിയെന്നും ആനകൾ തമ്മിലുള്ള അകലപരിധി പാലിച്ചില്ലെന്നുമാണ് കളക്ടർ ബോധിപ്പിച്ചത്.