ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ ഐസിസി ചെയർമാനായതോടെ ഒഴിവ് വരുന്ന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ആരെയോക്കെ? ഏറ്റവും ശക്തമായ സ്ഥാനത്തേക്ക് നിലവിൽ മൂന്ന് പേരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഗുജറാത്തിന്റെ അനിൽ പട്ടേൽ നിലവിലെ ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ജേവ്ജിത്ത് സൈകിയ എന്നിവർക്കൊപ്പം ഡിഡിസിഎ പ്രസിഡൻ്റും മുൻ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റിലുയുടെ മകനുമായ രോഹൻ ജെയ്റ്റിലിയുടെയും പേരാണ് പരിഗണിക്കപ്പെടുന്നതെന്നാണ് സൂചന. സൈകിയ ഇടക്കാല സെക്രട്ടറിയായി ചുമതലയേൽക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന റിപ്പോർട്ട്.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹി രാജിവച്ചതു മുതൽ 45 ദിവസത്തെ കാലാവധിയുണ്ട് പ്രത്യേക ജനറൽ മീറ്റിംഗ് വിളിച്ച് പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കാൻ. ഷാ ഐസിസിയുടെ തലവനായി ചുമതലയേറ്റ ദിവസം മുതൽ കണക്കാക്കിയാൽ ജനുവരി പകുതി വരെ ബിസിസിഐക്ക് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ സമയമുണ്ട്. തെരഞ്ഞെടുപ്പിന് നാലാഴ്ച മുൻപെങ്കിലും ഒരു തെരഞ്ഞെടുപ്പ് ഓഫീസറെ നിയമിക്കണമെന്ന് ഭരണഘടന വ്യക്തമാക്കുന്നു.
നിലവിലെ ഭരണസമിതിയുടെ കാലാവധി അടുത്ത സെപ്റ്റംബറിലാണ് അവസാനിക്കുന്നത്. അപ്പോൾ പുതിയ സെക്രട്ടറിക്ക് ഒരു വർഷത്തോളം സ്ഥാനത്തിരിക്കാനാകും. ഐസിസിയിലെ ബിസിസിയുടെ പ്രതിനിധി ആരെന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. ജയ് ഷാ ആ സ്ഥാനവും വഹിച്ചിരുന്നു.