കോഴിക്കോട്: അവസാനിക്കാതെ വഖ്ഫ് പിടിച്ച് പറി. കോഴിക്കോട് വടകര സ്വദേശി ശ്രീധരന്റെ ജീവിതമാർഗത്തിൻ മേലാണ് വഖ്ഫിന്റെ കഴുകൻ കണ്ണ് പതിഞ്ഞിരിക്കുന്നത്. വടകര ഗവൺമെന്റ് ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ശ്രീധരന്റെ ഹോട്ടലായ കൈലാസിനാണ് വഖ്ഫ് അവകാശം ഉന്നയിച്ചിരിക്കുന്നത്.
1965ൽ എം.പി കുഞ്ഞബുദുള്ള എന്നയാളിൽ നിന്ന് അച്ഛൻ തീറാധാര പ്രകാരം വാങ്ങിയതാണ് ഈ വസ്തു. ഇതിന്റെ എല്ലാം രേഖകളും തന്റെ കയ്യിലുണ്ടെന്ന് ശ്രീധരൻ ജനം ടിവിയോട് പറഞ്ഞു. ” മുൻസിപ്പാലിറ്റി നികുതി അടക്കം നിയമപ്രകാരമുളള എല്ലാം കരങ്ങളും അടച്ചിട്ടുണ്ട്. ഇതിന് പട്ടയം വരെ കിട്ടിയതാണ്. എന്നിട്ടാണ് അവരുടേതാണെന്ന് പറഞ്ഞ് വഖ്ഫ് വന്നത്. ഇത് വിട്ടുകൊടുക്കുന്ന പ്രശ്നമില്ല. അത്രയും കഷ്ടപ്പെട്ടിട്ടാണ് ഇത് നടത്തികൊണ്ടുവന്നത്. പൊന്നുംവില കൊടുത്താണ് അച്ഛൻ ഇത് വാങ്ങിയത്”, ശ്രീധരൻ പറഞ്ഞു.
ആധാരം, പട്ടയം, കരമടച്ച രസീത് തുടങ്ങി എല്ലാം രേഖകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. വഖ്ഫ് ആദ്യം അവകാശവാദം ഉന്നയിച്ചപ്പോൾ ഉടമസ്ഥ രേഖകളെല്ലാം ഉണ്ടെന്ന ആത്മവിശ്വാസത്തിൽ ശ്രീധരൻ വഖ്ഫ് ട്രീബ്യൂണലിനെ സമീപിച്ചു. എന്നാൽ വിധി വഖ്ഫിന് അനുകൂലമായിരുന്നു. ഒരായുഷ്ക്കാലത്തെ വിയർപ്പ് കൊണ്ട് കൊട്ടിപ്പടുത്ത ഹോട്ടൽ ഒഴിയേണ്ടി വരുമോ എന്ന ഭയത്തിലാണ് ശ്രീധരൻ എന്ന വയോധികൻ.