ചെന്നൈ: ഇന്നത്തെ പിള്ളേർക്ക് പ്രണയ കഥാചിത്രങ്ങളാണ് ഇഷ്ടമെന്ന് നടൻ കാർത്തി. എന്നാൽ അത് മനസിലാക്കാതെ ആക്ഷൻ സിനിമകൾ നിർമ്മിക്കുന്നതിലാണ് എല്ലാവരുടെയും ശ്രദ്ധയെന്നും കാർത്തി പറഞ്ഞു. ചെന്നൈയിൽ സിദ്ധാർത്ഥിന്റെ റൊമാന്റിക് കംബാക്ക് ചിത്രമായ ‘ മിസ് യു ‘ വിന്റെ ഓഡിയോ – ട്രെയിലർ ലോഞ്ചിലായിരുന്നു കാർത്തിയുടെ വാക്കുകൾ.
‘ഇന്നത്തെ നമ്മുടെ പിള്ളേർ അധികവും ഉപയോഗിക്കുന്ന വാക്കുകളാണ് ‘ലൗ യൂ’, ‘മിസ് യു’ എന്നിവ. അതിൽ തന്നെ വളരെ ആകർഷകമായ ‘മിസ് യു’ വിനെയാണ് ടൈറ്റിൽ ആയി സ്വീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾ സോഷ്യൽ മീഡിയയിൽ ചെയ്യുന്ന പോസ്റ്റുകളൊക്കെ ലൗ പോസ്റ്റുകളാണ്. പക്ഷെ നമ്മൾ എടുത്തു കൊണ്ടിരിക്കുന്നതൊക്കെ ആക്ഷൻ സിനിമകളാണ്, കാർത്തി പറഞ്ഞു.
ഇളയ ദളപതി വിജയ് സാറിന്റെ തുള്ളാത മനമും തുള്ളും എന്ന സിനിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ്. അതിലെ പാട്ടുകൾ, പ്രണയം, അതിനെ ചുറ്റിപറ്റിയുള്ള വിഷയങ്ങൾ എന്നിങ്ങനെ അത് ഇപ്പോൾ കണ്ടാലും ഉത്സാഹവും ഉന്മേഷവും നൽകും. അതുപോലുള്ള സിനിമകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കയാണ്. എന്നാൽ അത്തരം സിനിമകൾ ഇപ്പോൾ എടുക്കുന്നില്ല. സിദ്ധാർഥ് ‘ ബോയ്‌സ് ‘ സിദ്ധാർത്ഥ് ആയതു കൊണ്ട് ഇപ്പോഴും പ്രേമിച്ചു കൊണ്ടിരിക്കുന്നു. കാഴ്ചയിലും ചെറുപ്പമായതു കൊണ്ട് അദ്ദേഹത്തിന് അതു വലിയ സൗകര്യമാണ്. ഈ സിനിമ എന്റെ യൗവ്വന കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്ന ഒന്നായിരിക്കും. എന്നെപോലെ തന്നെ പ്രേക്ഷകരെയും… സിദ്ധാർത്ഥ് ഒരു സിനിമ തിരഞ്ഞെടുക്കുന്നുവെങ്കിൽ അതിൽ എന്തെങ്കിലും പ്രത്യേകത ഇല്ലാതിരിക്കില്ലെന്നും കാർത്തി കൂട്ടിച്ചേർത്തു.
തമിഴ് സിനിമാ രംഗത്ത് സാധാരണയായി ഒരു താരം മറ്റൊരു താരത്തിന്റെ സിനിമാ പ്രമോഷൻ ചടങ്ങുകളിൽ പങ്കെടുക്കുന്ന പതിവില്ല. ഇത് കാറ്റിൽപറത്തിയാണ് ചെന്നൈയിൽ ട്രെയിലർ ലോഞ്ചിന് കാർത്തി വിശിഷ്ടാതിഥിയായി എത്തിയത്. മിസ് യു നായിക ആഷിക രംഗനാഥ് തന്റെ നായികയായി സർദാർ 2 ൽ അഭിനയിക്കുന്നുണ്ടെന്നും കാർത്തി പറഞ്ഞു. സിൻസിയറായ നടിയാണ്. ‘ മിസ് യു ‘വിൽ അവരെ കാണാൻ അതീവ സുന്ദരിയായിട്ടുണ്ട്, കാർത്തി കൂട്ടിച്ചേർത്തു.
മിസ് യു വിന്റെ ട്രെയിലർ ഒറ്റ ദിവസം കൊണ്ട് ഒരു മില്യനിലേറെ കാഴ്ച്ക്കാരെ ആകർഷിച്ചുകൊണ്ട് യൂ ട്യൂബിൽ തരംഗമായി മുന്നേറുകയാണ്. സിദ്ധാർത്ഥ് റൊമാന്റിക് ഹീറോ ആയി തിരിച്ചെത്തുന്ന റൊമാന്റിക് ഫീൽ ഗുഡ് സിനിമയായിരിക്കും എൻ. രാജശേഖർ തിരക്കഥ എഴുതി സംവിധാനം ചെയ്ത മിസ് യു എന്നാണ് പ്രതീക്ഷ. മലയാളിയായ സാമുവൽ മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജിബ്രാനാണ് സംഗീതം. ശരത് ലോഹിത്ഷാ, പൊൻവണ്ണൻ, ജെ.പി. നരേൻ, കരുണാകരൻ, ബാല ശരവണൻ, അനുപമ കുമാർ, രമ, ഷഷ്ടിക എന്നിങ്ങനെ പ്രഗൽഭരായ അഭിനേതാക്കൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബർ 13 ന് റെഡ് ജെയിന്റ് മൂവീസ് ചിത്രം റിലീസ് ചെയ്യും.