‘ ദേ പിന്നേം നീല ട്രോളി ബാഗ്’; എംഎൽമാർക്ക് സ്പീക്കറിന്റെ വക ഉപഹാരം; തികച്ചും യാദൃശ്ചികമെന്ന് സ്പീക്കറുടെ ഓഫീസ്

Published by
Janam Web Desk

തിരുവനന്തപുരം: പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗിൽ ഉപഹാരം നൽകി സ്പീക്കർ എ എൻ ഷംസീർ. ഭരണഘടനയും നിയമസഭ ചട്ടങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും നിറച്ച ട്രോളി ബാഗാണ് സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനും, ചേലക്കര എംഎൽഎ യു ആർ പ്രദീപിനും നൽകിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിക്കാനാണ് ഇത് ചെയ്തതെന്ന് കോൺഗ്രസുകാർ വിമർശിച്ചു. എന്നാൽ ബാഗ് നൽകിയത് തികച്ചും യാദൃശ്ചികം എന്നാണ് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഉമ തോമസിനും, ചാണ്ടി ഉമ്മനും ഇതേ ബാഗ് തന്നെയാണ് നൽകിയതെന്ന് നിയമസഭ സെക്രട്ടറിയറ്റ് അറിയിച്ചു. നിലവിൽ എംഎൽഎ ഹോസ്റ്റൽ അസിസ്റ്റന്റ് മാനേജറുടെ പക്കലിലാണ് ബാഗുള്ളത്. ഇത് പിന്നീട് എംഎൽഎമാർക്ക് കൈമാറും.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ വിവാദമായമായിരുന്നു ‘ നീല ട്രോളി ബാഗ്’. ട്രോളി ബാഗിൽ രാഹുൽ മാങ്കൂട്ടത്തിൽ കള്ളപ്പണം എത്തിച്ചെന്നായിരുന്നു സിപിഎം പ്രവർത്തകരുടെ പരാതി. എന്നാൽ വിവാദങ്ങളുമായി ഇപ്പോൾ നൽകിയ ബാഗിന് ബന്ധമില്ലെന്നും നേരത്തെ വാങ്ങി വച്ചിരുന്ന ബാഗാണ് നൽകിയതെന്നും നിയമസഭ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഇത്തരത്തിൽ ട്രോളി ബാഗും ഉപഹാരങ്ങളും എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് നൽകാറുണ്ടെന്നും സെക്രട്ടറിയറ്റ് അറിയിച്ചു.

Share
Leave a Comment