പാലക്കാട്: ഇംഗ്ലണ്ടിൽ വരെ ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ വംശഹത്യയ്‌ക്കെതിരെ ശബ്ദമുയർന്നു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷം എന്ത് ചെയ്തുവെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാൻ ഇടത് വലത് മുന്നണികൾ തയ്യാറാവുമോ എന്ന് വത്സൻ തില്ലങ്കേരി ചോദിച്ചു.
ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ പാലക്കാട് നടന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ഹിന്ദുക്കളെ ചവിട്ടിത്താഴ്‌ത്തുന്നതാണ് കോൺഗ്രസിന്റെ മതേതരത്വമെന്ന് വത്സൻ തില്ലങ്കേരി കുറ്റപ്പെടുത്തി. പാകിസ്താൻ രൂപീകരിക്കാൻ കാരണം കോൺഗ്രസാണ്. അതുപോലെ തന്നെയാണ് ബംഗ്ലാദേശുമെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
പാകിസ്താനിൽ 1951 ലെ കണക്ക് പ്രകാരം ഏഴ് കോടി 51 ലക്ഷം ആളുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 24 കോടിയാണ് അവിടുത്തെ ജനസംഖ്യ. പക്ഷെ അന്ന് 18 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ 2 ശതമാനമായി. ബംഗ്ലാദേശിൽ 1971 ൽ ആറ് കോടി 84 ലക്ഷം ആളുകളാണ് ഉണ്ടായിരുന്നത്. അന്ന് ഹിന്ദുക്കൾ 23 ശതമാനമായിരുന്നു. എന്നാൽ ഇന്ന് 7.95 ശതമാനമായി ചുരുങ്ങി. അതായത് മൂന്നിലൊന്നായി കുറഞ്ഞുവെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.
ഇന്നലെ വരെ പാർലമെന്റിൽ അദാനിയുടെയും അംബാനിയുടെയും വിഷയം ഉയർത്തിയവരാണ് കോൺഗ്രസ്. എന്നാൽ പാർലമെന്റിൽ ബംഗ്ലാദേശ് വിഷയം ചർച്ച ചെയ്യേണ്ടി വരുമെന്നതുകൊണ്ട് ഇന്ന് അവർ സംഭലിലേക്ക് പോയി.
മാപ്പിള ലഹള ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നു. ക്ഷേത്രങ്ങൾ തച്ചുടച്ചു. ഖിലാഫത്തിന് കേരളത്തിൽ എന്ത് കാര്യമെന്ന് വത്സൻ തില്ലങ്കേരി ചോദിച്ചു. അന്ന് ഹിന്ദുക്കളെ എരിതീയിലേക്ക് എടുത്തെറിഞ്ഞ കോൺഗ്രസുകാരെ പിന്നെ എവിടെയും കണ്ടില്ല. ഹിന്ദുക്കളെ കൂട്ടക്കുരുതിക്ക് തള്ളിയിട്ട് അവർ എല്ലാം ഓടി ഒളിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിലെ അവസ്ഥ അതിഭീകരമാണ്. ഗ്രാമങ്ങളിൽ ഇപ്പോഴും ആളുകൾ കൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിന് പുറകിൽ ആരാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ നിലനിൽപ്പ് പ്രശ്‌നമാകും. നിലനിൽക്കണോ വേണ്ടയോ എന്നതാണ് ചോദ്യമെന്നും വത്സൻ തില്ലങ്കേരി ചൂണ്ടിക്കാട്ടി. നെഹ്‌റുവിനെ പോലുള്ള കോൺഗ്രസുകാരുടെ അധികാര ആർത്തിയാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥക്ക് കാരണം. ജമാഅത്തെ ഇസ്ലാമിയും മുസ്ലീം സമൂഹവും തങ്ങളുടെ മതക്കാർ ചെയ്യുന്ന ക്രൂര കൊലപാതങ്ങളിൽ എന്തെങ്കിലും മിണ്ടുന്നുണ്ടോയെന്നും വത്സൻ തില്ലങ്കേരി ചോദിച്ചു.
ആർഎസ്എസ് വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരൻ അധ്യക്ഷത വഹിച്ചു. ചിന്മയമിഷൻ ആചാര്യൻ സ്വാമി അശേഷാനന്ദ, ഓലശ്ശേരി ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ആനിക്കോട് വെട്ടിക്കാട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ദേവാനന്ദപുരി തുടങ്ങിയവർ പങ്കെടുത്തു.