കോഴിക്കോട് : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ എലത്തൂർ ഡിപ്പോയിൽ ഇന്ധന ചോർച്ച. വൈകിട്ട് നാല് മണി മുതലാണ് ഇന്ധന ചോർച്ചയുണ്ടായത്. സാങ്കേതിക പ്രശ്നമാണ് ഇന്ധന ചോർച്ചയ്‌ക്ക് കാരണമെന്നാണ് കണ്ടെത്തൽ. നാല് മണി മുതൽ ഡീസൽ ചോർച്ചയുണ്ടെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും വൈകിട്ട് ആറ് മണിയോടെയാണ് ചോർച്ച കണ്ടെത്തിയത്.
ഇന്ധനം നിറയ്‌ക്കുന്ന ടാങ്ക് ഓവർ ഫ്ലോ ആയതാണ് ചോർച്ചയ്‌ക്ക് കാരണമായത്. ഓവർ ഫ്ലോ ആവുന്നത് അറിയിക്കാനുള്ള അപായ മണി സംവിധാനം തകരാറിലായതോടെ ഇത് അറിയാതെ വന്നു. ഈ സംവിധാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനിടയിലും ടാങ്ക് നിറഞ്ഞുകൊണ്ടിരുന്നു. ഇതോടെ ഇന്ധനം അമിതമായി പുറത്തേക്ക് ഒഴുകാൻ തുടങ്ങി.
ഓവുചാലുകളിലേക്ക് ഒഴുകിയ ഡീസൽ നാട്ടുകാർ കുപ്പികളിൽ ശേഖരിക്കാൻ തുടങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
600-700 ലിറ്റർ ഡീസൽ പുറത്ത് പോയതായും നിലവിൽ എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ഹിന്ദുസ്ഥാൻ പെട്രോളിയം എലത്തൂർ ഡിപ്പോ മാനേജർ ബിനിൽ പറഞ്ഞു. അലാറം പ്രവർത്തിക്കാത്തതാണ് ഇന്ധന ചോർച്ചയ്‌ക്ക് കാരണമായത്. ടാങ്ക് ലെവൽ റീഡിംഗ് മെയിന്റൈൻസ് നടക്കുകയായിരുന്നു. ഇനി ഇങ്ങനെ ആവർത്തിക്കാതിരിക്കാൻ പ്ലാന്റിന്റെ ചുറ്റും കോൺക്രീറ്റ് ചെയ്ത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.















