മുംബൈ: സർപ്രൈസുകൾക്ക് വിരാമമിട്ട് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യ്ത് അധികാരമേൽക്കും. ആസാദ് മൈതാനിയിൽ ഇന്ന് വൈകുന്നേരം അഞ്ചരയ്‌ക്കാണ് ചടങ്ങ്. പ്രധാനമന്ത്രി, ഒൻപത് കേന്ദ്രമന്ത്രിമാർ, മൂന്ന് മുഖ്യമന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ബുധനാഴ്ച ചേർന്ന ബിജെപി നിയമസഭാകക്ഷിയോഗം ഫഡ്നാവിസിനെ ഐകകണ്ഠ്യേന നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു. ശിവസേനാ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഏക്നാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായി ചുമതലയേൽക്കും. സംസ്ഥാനത്തെ 21-ാമത്തെ മുഖ്യമന്ത്രിയാണ് 54-കാരനായ ഫഡ്നാവിസ്. മൂന്നാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്.
കുറഞ്ഞത് 50,000 പേർ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ, മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ എന്നിവരും ബിജെപിയുടെയും എൻഡിഎയുടെയും മുതിർന്ന നേതാക്കളും ചടങ്ങിനെത്തും.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി സിഎം ചന്ദ്രബാബു നായിഡു, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാർ, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, ജ്യോതിരാദിത്യ സിന്ധ്യ, ബിജെപി ദേശീയ സെക്രട്ടറി ബിഎൽ സന്തോഷ്, ജോയിൻ്റ് സെക്രട്ടറി ശിവ് പ്രകാശ്, രാജസ്ഥാൻ ഗവർണർ ഹരിഭാവു ബഗഡെ എന്നിവർ പങ്കെടുക്കുമെന്നാണ് പൊതുഭരണ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
തെരഞ്ഞെടുപ്പിലെ മഹായുതിയുടെ വിജയത്തിന് പിന്നിലെ കാതൽ ദേവേന്ദ്ര ഫഡ്നാവിസായിരുന്നു. നേതൃത്വമികവും ഭരണമികവും അദ്ദേഹത്തിന്റെ മുതൽക്കൂട്ടാണ്. കഴിഞ്ഞ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദം അലങ്കരിച്ചിരുന്നത് ഫഡ്നാവിസായിരുന്നു.