ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെ കടന്നാക്രമിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. മുഹമ്മദ് യൂനുസ് വംശഹത്യ നടത്തിയെന്നും ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. ഓഗസ്റ്റിൽ അധികാരം വിട്ടതിന് ശേഷം ഇതാദ്യമായാണ് ഷെയ്ഖ് ഹസീന പൊതുപ്രസംഗം നടത്തുന്നത്. 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പാകിസ്താൻ സൈന്യത്തെ പരാജയപ്പെടുത്തിയതിന്റെ ഓർമ്മയ്‌ക്കായി ആഘോഷിക്കുന്ന ”ബിജയ് ദിവസി”ന്റെ ഭാഗമായി ന്യൂയോർക്കിൽ അവാമി ലീഗ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയെ ഓൺലൈൻ വഴി അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്‌മാനെപ്പോലെ തന്നെയും സഹോദരി ഷെയ്ഖ് രഹനയേയും വധിക്കാൻ പദ്ധതി ഇട്ടിരുന്നതായും മുഹമ്മദ് യൂനുസ് അധികാര മോഹിയാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. ഓഗസ്റ്റ് അഞ്ചിന് ഔദ്യോഗിക വസതി വിടാനിടയായ സാഹചര്യത്തെക്കുറിച്ചും അവർ തുറന്നു പറഞ്ഞു. ” അന്ന് ആയുധങ്ങളുമായാണ് പ്രതിഷേധക്കാർ ഗണഭവനിലേക്ക് എത്തിച്ചേർന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്താൽ അത് നിരവധി ജീവനുകൾ നഷ്ടപ്പെടുന്നതിന് കാരണമാകും. അതുകൊണ്ട് തന്നെ ഞാൻ അവിടം വിടാൻ നിർബന്ധിതയായി. ഒരു കാരണവശാലും വെടിയുതിർക്കരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. എല്ലാം ഒരു 25-30 മിനിറ്റിനുള്ളിലാണ് സംഭവിച്ചത്.
ഇന്ന് എനിക്കെതിരെ അവർ വംശഹത്യ ആരോപിക്കുകയാണ്. യഥാർത്ഥത്തിൽ ഈ വംശഹത്യയ്‌ക്ക് പിന്നിൽ മുഹമ്മദ് യൂനുസും വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മറവിൽ ആക്രമണം അഴിച്ചുവിട്ടവരുമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഈ സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ എന്നിവരെല്ലാം ഇന്ന് വളരെ അധികം ദുരിതം അനുഭവിക്കുന്നു. പതിനൊന്ന് പള്ളികളാണ് അവിടെ തകർത്തെറിയപ്പെട്ടത്. ബുദ്ധമത ആരാധനാലയങ്ങളും ക്ഷേത്രങ്ങളും അക്രമികൾ നശിപ്പിച്ചു. ഹിന്ദുക്കൾ ഇതിനെതിരെ പ്രതിഷേധം ഉയർത്തിയപ്പോൾ ഇസ്‌കോൺ സന്യാസിയെ അറസ്റ്റ് ചെയ്തു.
ന്യൂനപക്ഷങ്ങൾക്ക് നേരെ അവർ എന്തിനാണ് ഈ ആക്രമണം അഴിച്ചുവിടുന്നത്. അവരെ ക്രൂരമായി പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് എന്തിനാണ്. ജനങ്ങൾക്ക് നീതി ലഭിക്കാത്ത സാഹചര്യമാണ് അവിടെ ഉള്ളത്. എനിക്കെതിരെ നീക്കം ഉണ്ടായപ്പോൾ രാജിവച്ച് ഒഴിയാനുള്ള സാഹചര്യം പോലും ലഭിച്ചിരുന്നില്ല. അക്രമം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബംഗ്ലാദേശ് വിട്ടത്. എന്നാൽ അതിനും സാധിച്ചില്ലെന്നും ഷെയ്ഖ് ഹസീന പറയുന്നു. അതേസമയം ഷെയ്ഖ് ഹസീന നടത്തിയ പ്രസംഗം തങ്ങളെ അമ്പരപ്പിച്ചുവെന്നും, അവർ കൂട്ടക്കൊലപാതകം നടത്തിയ വ്യക്തിയാണെന്നും പ്രസംഗം പുറത്തുവന്നതിന് പിന്നാലെ മുഹമ്മദ് യൂനുസിന്റെ വക്താവ് ഷഫീഖുൽ ആലം മാദ്ധ്യമങ്ങളോട് പറഞ്ഞു.