സംസ്ഥാനത്തെ കോളേജുകളിൽ എസ്എഫ്ഐയുടെ ഇടിമുറി സജീവമാകുന്നു. ‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലാണ് ഇടിമുറി പ്രവർത്തിക്കുന്നത്. വിചാരണയ്‌ക്കും മർദ്ദനത്തിനുമായി കുട്ടിസഖാക്കൾ താവളമാക്കുകയാണ് ഇവിടം.
വയനാട് പൂക്കോട് സർവകാലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മലയാളികൾ മുക്തരായാട്ടില്ല. ഇതിനിടയിലാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മനസാക്ഷി മരവിക്കുന്ന വാർത്ത പുറത്തുവന്നത്. ദിവ്യാംഗനായ വിദ്യാർത്ഥിയെ വിളിച്ചുവരുത്തി മർദ്ദിച്ച സംഭവം കേരളം ഇന്ന് ഏറെ ചർച്ച ചെയ്യുകയാണ്. കലാലയങ്ങൾ ഗുണ്ട സംഘങ്ങളുടെ കേന്ദ്രമാകുകയാണോ എന്നുവരെ ഭയക്കേണ്ടിയിരിക്കുന്നു.
അടുത്തിടെ ഇടിമുറി പൂട്ടിച്ചെങ്കിലും യൂണിവേഴ്സിറ്റി കോളേജിൽ സജീവമാണെന്ന് വ്യക്തം. കോളേജിലെ ഓഫീസിന് സമീപത്താണ് ഇടിമുറിയെന്നത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ദിവ്യാംഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിനെ ഇവിടെ കെട്ടിയിട്ടാണ് അതിക്രൂരമായി മർദ്ദിച്ചത്. മുൻപ് കോളേജിന്റെ ഒത്ത നടുക്കായിരുന്നു യൂണിറ്റ് ഓഫീസ് ആയി പ്രവർത്തിച്ചിരുന്ന ഇടിമുറി. എസ്എഫ്ഐ കുട്ടി സഖാക്കൾ പ്രതി ചേർക്കപ്പെച്ച കത്തിക്കുത്ത് കേസിൽ പൊലീസ് കോളേജിൽ പരിശോധനയ്‌ക്കെത്തിയിരുന്നു.
ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളുമാണ് പൊലീസ് ഇടിമുറികളിൽ നിന്ന് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി പൂട്ടിച്ച് ക്ലാസ്മുറിയാക്കി. ഇപ്പോൾ വീണ്ടും ഇടിമുറി സജീവമായിരിക്കുകയാണ്. എസ്എഫ്ഐ പ്രവർത്തനങ്ങൾ പങ്കെടുത്തില്ലെന്നാരോപിച്ചാണ് അനസിനെ തല്ലിച്ചതച്ചത്. കുട്ടി സഖാക്കളുടെ നിർദ്ദേശത്തിന് എതിരായി പ്രവർത്തിച്ചാലോ സംസാരിച്ചാലോ പിന്നെ മുറിയിലിട്ട് മർദ്ദിക്കുന്നതാണ് പതിവെന്ന് വിദ്യാർത്ഥികൾ തന്നെ തുറന്ന് പറയുന്നു.
വിദ്യാര്‌ത്ഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എസ്എഫ്ഐക്കാർ വളഞ്ഞ് നിൽക്കുകയും തല്ലി തീർക്കാൻ വെല്ലുവിളിക്കുന്നതുമൊക്കെയാണ് പതിവ്. അനസിനെ ഒരു മണിക്കൂറോളം തടഞ്ഞുവച്ച് ആക്രമിച്ചിട്ടും റാഗിങിന് കേസെടുത്തിട്ടില്ല. ഭിന്നശേഷി അവകാശ നിയമത്തിലെ 92 (എ), 92 (ബി) വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. രാഷ്‌ട്രീയ ഇടപെടലാണ് ഇതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്. പ്രതികളിലൊരാൾ പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. ഇക്കാരണം കൊണ്ട് പ്രതികളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് വിമർശനം.