ന്യൂയോർക്ക്: ബംഗ്ലാദേശിൽ തടവിലാക്കപ്പെട്ട എല്ലാവർക്കും അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങൾക്ക് അനുസൃതമായി നിയമസഹായം ലഭിക്കാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ഇസ്‌കോൺ സന്യാസി ചിന്മോയ് കൃഷ്ണദാസ് ബ്രഹ്‌മാചാരിക്ക് വേണ്ടി അഭിഭാഷക സഹായം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്.
ബംഗ്ലാദേശ് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും, നിയമസഹായം ലഭിക്കേണ്ടത് അടിസ്ഥാനപരമായ അവകാശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ സർക്കാരുകളിൽ നിന്നും അമേരിക്ക ഇതേകാര്യം തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും വേദാന്ത് പട്ടേൽ പറയുന്നു. ” മതസ്വാതന്ത്ര്യത്തോടും മൗലിക അവകാശങ്ങളോടും എല്ലാക്കാലവും ബഹുമാനം പുലർത്തണം. അടിസ്ഥാനപരമായ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഏത് കാര്യത്തോടും എതിർപ്പ് അറിയിക്കാനും, അതിൽ പ്രതിഷേധം രേഖപ്പെടുത്താനുമുള്ള സ്വാതന്ത്യം എല്ലാവർക്കുമുണ്ട്. എന്നാൽ പ്രതിഷേധങ്ങൾ സമാധാനപരമായിരിക്കണം.
മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള അടിച്ചമർത്തലുകൾ അംഗീകരിക്കാനാകുന്ന കാര്യമല്ല. അമേരിക്ക ഈ കാര്യത്തിൽ ഉറച്ച നിലപാടാണ് സ്വീകരിക്കുന്നതെന്നും” വേദാന്ത് പട്ടേൽ പറയുന്നു. അതേസമയം രാജ്യത്ത് ഹിന്ദുക്കൾക്കെതിരെയും മതന്യൂനപക്ഷങ്ങൾക്കെതിരെയും ആക്രമം നടക്കുന്നുവെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ കെട്ടിച്ചമച്ചതാണെന്നാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസിന്റെ വാദം. ബംഗ്ലാദേശ് ഐക്യത്തോടെ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നതെന്നും, വിദേശരാജ്യങ്ങളിൽ നിന്ന് പുറത്തുവരുന്നത് കെട്ടിച്ചമച്ച വാർത്തകളാണെന്നുമാണ് മുഹമ്മദ് യൂനുസിന്റെ വാദം.















