തിരുവനന്തപുരം: സമൂഹത്തിൽ പ്രത്യേക പരിഗണന നൽകേണ്ടവരാണ് ദിവ്യാംഗർ. പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അവർ മറ്റുള്ളവർക്ക് മാതൃകയാണ്. അവരെ ബഹുമാനിക്കാനും തങ്ങളിലൊരാളാണെന്ന് കാണാനും പഠിക്കണം. അത്തരത്തിൽ ജീവിതത്തോട് മല്ലടിച്ച് പഠനത്തിനായി യൂണിവേഴ്സിറ്റി കോളേജിലെത്തിയതാണ് പെരുങ്കുളം കോന്നിയൂർ ചക്കിപ്പാറ സ്വദേശി മുഹമ്മദ് അനസ്. നാട്ടിൽ പാർട്ടി പ്രവർത്തനത്തിൽ സജീവം. അതേ പാർട്ടിയിൽ നിന്ന് തന്നെയാണ് തനിക്ക് നിരന്തരം അക്രമമേൽക്കുന്നതെന്ന് സങ്കടത്തിലാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ അനസ്.
കൊടി കെട്ടാൻ മരത്തിൽ കയറാനും ഇറങ്ങാനുമാണ് കുട്ടിസഖാക്കൾ നിർദ്ദേശിച്ചത്. ഇടത് കാലിന് സ്വാധീനമില്ലാത്ത അനസിന് അതിന് കഴിയില്ലെന്നത് സാമാന്യ ബോധമുള്ളവർക്ക് അറിയാവുന്നതാണ്. പറഞ്ഞത് അനുസരിക്കാത്തത് കൊണ്ടും എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിൽ സജീവമാകാത്തതുമാണ് കുട്ടിസഖാക്കളെ ചൊടിപ്പിച്ചത്. പിന്നാലെയായിരുന്നു ഒരു മണിക്കൂറോളം കെട്ടിയിട്ട് ആക്രമിച്ചത്. പറയുന്നത് കേട്ടില്ലെങ്കിൽ കാൽ വെട്ടിയടെുക്കുമെന്നായിരുന്നു സ്വാധീനമില്ലാത്ത കാൽ ചവിട്ടി ഞെരിച്ചുകൊണ്ട് എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് അമൽ ചന്ദ് ഭീഷണി മുഴക്കിയത്. ക്യാമ്പസിലെ എസ്എഫ്ഐ നേതൃത്വത്തിന്റെ ധാർഷ്ട്യത്തിന് മുൻപിൽ സ്വന്തം സംഘടനയിൽ പെട്ടവർക്ക് പോലും രക്ഷയില്ലെന്ന് തെളിയിക്കുന്നതാണ് കോളേജിലെ സംഭവം.
‘യൂണിയൻ ഓഫീസ്’ എന്ന ഓമനപ്പേരിലെ ‘ഇടിമുറി’; ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വിചാരണ, മർദ്ദനം, വെല്ലുവിളി
ഒരു വർഷത്തിനിടെ അഞ്ചാം തവണയാണ് അനസിന് മർദ്ദനമേൽക്കുന്നത്. കോളേജിലെ ഓഫീസിനോട് ചേർന്നുള്ള മുറിയിലാണ് യൂണിറ്റ് ഓഫീസെന്ന് വിശേഷിപ്പിക്കുന്ന ഇടിമുറി. കോളേജിൽ ചേർന്ന സമയത്ത് റാഗിംങിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിലെ പാർട്ടിക്കാരെ കൊണ്ട് വിളിപ്പിച്ചപ്പോൾ തുടങ്ങിയതാണ് അനസിനോടുള്ള വൈരാഗ്യം. ഓരോ തവണ മർദ്ദിക്കുമ്പോഴും നാട്ടിലെ പാർട്ടിക്കാർ ഇടപെട്ടിരുന്നു. ഇത് വൈരാഗ്യം കൂടാൻ കാരണമായി. സംഭവത്തിന് പിന്നാലെ പൊലീസിൽ പരാതിപ്പെട്ടതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികൾ ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. എന്നാൽ ഇന്നലെയും ഇവർ കോളേജിലെത്തിയിരുന്നു.