മുംബൈ: മഹാരാഷ്‌ട്രയിൽ തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റ് മഹായുതി സർക്കാർ. എൻഡിഎ സഖ്യം ഏകകണ്ഠമായി തീരുമാനിച്ചത് പ്രകാരം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി അധികാരമേറ്റു. ഗവർണർ സിപി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ശിവസേനാ നേതാവ് ഏകനാഥ് ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
ഇത് മൂന്നാം തവണയാണ് അദ്ദേഹം മഹാരാഷ്‌ട്രയുടെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. 44 കാരനായ ഫഡ്നാവിസ് 22-ാം വയസിൽ കൗൺസിലർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയായിരുന്നു സജീവ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് 27-ാം വയസിൽ മേയറായ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാദ്ധ്യക്ഷൻ എന്ന പദവിയും അലങ്കരിച്ചിരുന്നു.
മഹാരാഷ്‌ട്രയിലെ ചാണക്യൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫഡ്നാവിസ് തന്റെ തന്ത്രപരമായ നീക്കങ്ങളിലൂടെ സംസ്ഥാനത്ത് വൻ രാഷ്‌ട്രീയ മാറ്റങ്ങളുണ്ടാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്നു. 2019ൽ അപ്രതീക്ഷിതമായി സഖ്യത്തിൽ നിന്ന് പിന്മാറിയ ശിവസേനയുടെ ഉദ്ധവ് താക്കറെയ്‌ക്ക് അതേ നാണയത്തിൽ മറുപടി നൽകി ഷിൻഡെ പക്ഷത്തെ മഹായുതിയിലേക്ക് എത്തിച്ചതിൽ നിർണായക പങ്കായിരുന്നു ഫഡ്നാവിസ് നിർവഹിച്ചത്. മഹായുതിയിലെ ബിജെപി, ശിവസേന, എൻസിപി എന്നീ മുന്നണികളുടെ നട്ടെല്ലായി കരുതപ്പെടുന്നത് ഫഡ്നാവിസിനെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം സീറ്റുകൾ തൂത്തുവാരിയതിന് പിറകിലും മുൻ മുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസിന്റെ കഠിനാധ്വാനമുണ്ട്.















