ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സാംബിത് പത്ര. രാഹുലിനെ രാജദ്രോഹിയെന്ന് വിളിക്കാൻ തനിക്ക് മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വഞ്ചിക്കുന്ന ഒറ്റുകാരനാണ് രാഹുലെന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുമായാണ് രാഹുലിന് ബന്ധമെന്നും സാംബിത് പത്ര ആരോപിച്ചു. ന്യൂഡൽഹിയിൽ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
” ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന അപകടകരമായ ത്രികോണ കൂട്ടുകെട്ടിന്റെ ഭാഗമാണ് രാഹുൽ. ഈ ത്രികോണ കൂട്ടുകെട്ടിന്റെ ഒരു വശത്ത് ജോർജ് സോറോസും അമേരിക്കയിലെ ചില ഏജൻസികളുമാണ്. മറ്റൊരു വശത്ത് ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രൊജക്ട് (OCCRP) എന്ന ആഗോള ശൃംഖലയും. അതിന്റ ഒടുവിലത്തേതും ഏറ്റവും നിർണായകവുമായ ഭാഗമാണ് രാഹുലെന്നും സാംബിത് പത്ര കുറ്റപ്പെടുത്തി.
ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ആഗോള മാധ്യമ ഏജൻസിയാണ് ഒസിസിആർപി. കോടിക്കണക്കിന് ആളുകളാണ് അവർ പ്രസിദ്ധീകരിക്കുന്നത് വായിക്കുന്നത്. ജോർജ് സോറോസിന്റെ ഓപ്പൺ സൊസൈറ്റിയാണ് അവരുടെ ഏറ്റവും വലിയ സാമ്പത്തിക സഹായികൾ. ഇത്തരം ഏജൻസികൾ അവർക്ക് പണം നൽകുന്നവരുടെ താൽപര്യം സംരക്ഷിക്കാനാണ് പ്രവർത്തിക്കുന്നതെന്നും സാംബിത് പത്ര കുറ്റപ്പെടുത്തി
ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് സോറോസ് നടത്തുന്നത്. കോവിഡിന്റെ കാലത്ത് ഇന്ത്യയിൽ നിന്നും വൻ തുകയ്‌ക്കാണ് ബ്രിട്ടൺ വാക്‌സിൻ വാങ്ങുന്നതെന്നായിരുന്നു ഒസിസിപിആർപിയുടെ റിപ്പോർട്ട്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിന്റെ പ്രതിഛായ തകർക്കാൻ കോൺഗ്രസ് ശ്രമം നടത്തി. എന്നാൽ വാക്‌സിനുമായി ബന്ധപ്പെട്ട വാർത്ത തെറ്റായിരുന്നുവെന്ന് പിന്നീട് പുറത്തുവന്നു. പെഗാസസ് വിഷയത്തിലും ഇന്ത്യയുടെ പ്രതിഛായ തകർത്ത് അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ കോൺഗ്രസും ഒസിസിആർപിയും നടത്തിയിരുന്നുവെന്നും സാംബിത് പത്ര വ്യക്തമാക്കി.