സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബ് അല്‍ നസറിന്റെ പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ ഗോൾകീപ്പർ വലീദ് അബ്ദുള്ള. അറബ് ടിവി ഷോയിൽ അതിഥിയായി സംസാരിക്കവേയാണ് വലീദിന്റെ വെളിപ്പെടുത്തൽ . 2017 നും 2024 നും ഇടയിൽ അൽ-നസറിന് വേണ്ടി കളിച്ച താരമാണ് അബ്ദുള്ള . ‘ റൊണാൾഡോ ഇസ്‌ലാമിനോട് താല്പര്യം പ്രകടിപ്പിച്ചു, ഈ മതത്തോടുള്ള ജിജ്ഞാസയും തുറന്ന മനസ്സും പ്രകടമാക്കി.‘- എന്നൊക്കെയാണ് വലീദ് അഭിമുഖത്തിൽ പറയുന്നത് .
“റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ അദ്ദേഹത്തോട് അതിനെക്കുറിച്ച് സംസാരിച്ചു, അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു, ഒരിക്കല്‍ ഗോള്‍ നേടിയ ശേഷം അദ്ദേഹം ഇതിനകം മൈതാനത്ത് പ്രണമിച്ചു, പ്രാർത്ഥിക്കാനും ഇസ്ലാമിക മതപരമായ ആചാരങ്ങൾ പിന്തുടരാനും അദ്ദേഹം കളിക്കാരെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു.” വലീദ് അബ്ദുള്ള പറഞ്ഞു.
പരിശീലന സെഷനുകളിൽ തന്റെ സഹപ്രവർത്തകർക്ക് പ്രാർത്ഥന നടത്താൻ മതിയായ സമയമുണ്ടെന്ന് റൊണാൾഡോ ഉറപ്പാക്കുന്നതായും അബ്ദുല്ല പറഞ്ഞു.റയല്‍ മാഡ്രിഡിലെ അദ്ദേഹത്തിന്റെ മുന്‍ സാഹതാരങ്ങളായിരുന്ന കരീം ബെന്‍സേമയും മെസ്യുട്ട് ഓസിലും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട് . സൗദി അറേബ്യയിലെ തന്റെ ആദ്യ വരവിൽ തന്നെ അതിന്റെ സംസ്കാരത്തെക്കുറിച്ച് അറിയാൻ റൊണാൾഡോ ശ്രമിച്ചു.തുടക്കത്തിൽ, ക്രിസ്റ്റ്യാനോയ്‌ക്ക് രാജ്യത്തിന്റെ സംസ്കാരമോ മറ്റ് വശങ്ങളോ പരിചിതമല്ലായിരുന്നു. ഞാൻ അദ്ദേഹവുമായി അടുത്തു. എന്നോട് പലപ്പോഴും ചോദ്യങ്ങൾ ചോദിച്ചു.- എന്നും വലീദ് പറഞ്ഞു.