തിരുവനന്തപുരം: വില കുത്തനെ ഉയർത്തിയതിന് പിന്നാലെ വിശദീകരണവുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. സപ്ലൈകോ കടക്കെണിയിലാണെന്നും അത് മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വില വർദ്ധനയെന്നാണ് മന്ത്രി പറയുന്നത്.
മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങൾ നൽകുന്നത്. സബ്സിഡി നൽകിയതിന്റെ ആയിരം കോടിയോളം രൂപ സപ്ലൈകോ കുടിശ്ശിക ഇനത്തിൽ നൽകാനുണ്ട്. പൊതുമേഖലാ സ്ഥാപനം നിലനിൽക്കേണ്ടത് അനിവാര്യമാല്ലേയെന്നും അദ്ദേഹം ചോദിച്ചു. വില വർദ്ധിപ്പിച്ചത് മാത്രമാണ് മാദ്ധ്യമങ്ങൾ പറയുന്നത്. കുറച്ചതിനെ കുറിച്ച് എങ്ങും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ കാർഡ് മസ്റ്ററിംഗ് പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. ഫേസ് ആപ്പിലൂടെയാണ് മസ്റ്ററിംഗ് നടത്തുന്നതെന്നും ഇന്നലെ വരെ 96,000 ത്തോളം പേർ മസ്റ്ററിംഗ് നടത്തിയതായും മന്ത്രി വ്യക്തമാക്കി. വീടുകളിലെത്തി മസ്റ്ററിംഗ് നടത്താനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ഈ സേവനം ജനങഅങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണരക്കാരുടെ ആശ്രയമായിരുന്ന നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് സപ്ലൈകോ വീണ്ടും വാർത്തകളിൽ നിറയുന്നത്. ക്രിസ്മസ് വിപണി ഉണരാനിരിക്കേയാണ് ഇരുട്ടടിയായി ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില കൂട്ടിയത്. 75 രൂപയായിരുന്ന വൻപയറിന് 79 രൂപ നൽകണം. പച്ചരി 26-ൽ നിന്ന് 29 രൂപയാക്കി. ജയ അരി 29-ൽ നിന്ന് 33 രൂപയായി ഉയർത്തി. വെളിച്ചെണ്ണയ്‌ക്ക് ഒറ്റയടിക്ക് 20 രൂപ കൂടി 130 രൂപയിലുമെത്തി.















