കാളിദാസ് ജയറാമിന്റെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. കാളിദാസിന്റെ പ്രതിശ്രുത വധു തരുണിയുടെ സ്വദേശമായ ചെന്നൈയിലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
നീല നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായാണ് തരുണി വേദിയിലെത്തിയത്. കേരളാ സ്റ്റൈലിൽ മുണ്ടും ഷർട്ടുമായിരുന്നു കാളിദാസിന്റെ വേഷം. കേരള ലുക്കിലാണ് ജയറാമും കുടുംബവും ചെന്നൈയിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തത്. മാദ്ധ്യമങ്ങൾ ഉൾപ്പെടെ നിരവധി അതിഥികൾക്ക് വിവാഹാഘോഷത്തിൽ ക്ഷണമുണ്ടായിരുന്നു. ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ജയറാം നന്ദി അറിയിച്ചു.
കാളിയുടെ കല്യാണം തങ്ങളുടെ സ്വപ്നമാണെന്നും ഒരുപാട് കാത്തിരുന്ന നിമിഷമാണിതെന്നും ജയറാം പറഞ്ഞു. തരുണിയെ ഞങ്ങൾ മരുമകളായിട്ടല്ല, മകളായിട്ടാണ് കാണുന്നത്. പൊള്ളാച്ചിയിലൊക്കെ ഷൂട്ടിംഗിന് വരുമ്പോൾ ഊത്തുകുളി സമീൻ കുടുംബം എന്ന് ഒരുപാട് കേട്ടിട്ടുണ്ട്. ആ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി എന്റെ മരുമകളായി വരുന്നത് ദൈവാനുഗ്രഹമാണ്. എല്ലാവരുടെയും അനുഗ്രഹം തങ്ങൾക്കൊപ്പം ഉണ്ടായിരിക്കണമെന്നും ജയറാം പറഞ്ഞു.
തരുണിയോടൊപ്പം തന്റെ പുതിയ യാത്ര ആരംഭിക്കുകയാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും കാളിദാസ് ജയറാം പറഞ്ഞു. വിവാഹം അടുത്തെത്തി എന്ന കാര്യം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സന്തോഷം കൊണ്ട് സങ്കടം വരികയാണെന്നമായിരുന്നു തരുണിയുടെ വാക്കുകർ.
ഡിസംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിലാണ് കളിദാസിന്റെ തരുണിയുടെയും വിവാഹം നടക്കുന്നത്.