അഡ്ലെയ്ഡ്: ബോർഡർ – ഗവാസ്കർ പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ യശസ്വി ജയ്സ്വാൾ ആദ്യ പന്തിൽ തന്നെ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലാണ് ഓപ്പണിംഗ് കൂട്ടുകെട്ടിൽ ഇറങ്ങിയത്.
പിന്നീട് ക്രീസിൽ ഒന്നിച്ച ശുഭ്മാൻ ഗില്ലും രാഹുലും സ്കോർ ചലിപ്പിച്ചു. തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും 18ാം ഓവറിൽ സ്റ്റാർക്കിന്റെ അപകടകരമായ ഒരു പന്തിൽ ബാറ്റ് വെച്ച രാഹുലിനെ നഥാൻ മക്സ്വീനി കൈപ്പിടിയിൽ ഒതുക്കി പവലിയനിലേക്ക് അയച്ചു. പിന്നാലെ 20 ആം ഓവറിൽ കോലിയെയും സ്റ്റാർക്ക് മടക്കി. 8 പന്തിൽ 7 റൺസായിരുന്നു കോലിയുടെ സംഭാവന. 21 ാം ഓവറിൽ സ്കോട്ട് ബോളണ്ട് ഗില്ലിനെയും വിക്കറ്റിന് മുന്നിൽ കുരുക്കി.
ഒന്നാമിന്നിംഗ്സിൽ ലഞ്ചിന് പിരിയുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഋഷഭ് പന്തും രോഹിത് ശർമ്മയുമാണ് ക്രീസിൽ. രാഹുൽ 64 പന്തിൽ നിന്ന് 37 റൺസെടുത്തിരുന്നു. ശുഭ്മാൻ ഗില്ല് 51 പന്തിൽ 31 റൺസുമെടുത്തു.
2019 മുതൽ ടെസ്റ്റിൽ ഇന്ത്യയുടെ ഓപ്പണറായിരുന്ന രോഹിത് ശർമ്മ ബാറ്റിംഗ് ഓർഡറിൽ മധ്യനിരയിലാണ് ഇത്തവണ ഇറങ്ങിയത്. രാഹുലിന് ഓപ്പണിംഗിലേക്ക് സ്ഥാനക്കയറ്റം നൽകിയായിരുന്നു ഈ മാറ്റം.
യശസ്വിയുടെ വിക്കറ്റ് സ്റ്റാർക്കിന് ഒന്നാം ടെസ്റ്റിലെ തിരിച്ചടിക്കുളള മധുരപ്രതികാരം കൂടിയായി. പെർത്തിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും യശസ്വി റൺസൊന്നും എടുക്കാതെ പുറത്തായിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 161 നേടി ഇന്ത്യയുടെ വിജയത്തിൽ താരം നെടുംതൂണായിരുന്നു. സ്റ്റാർക്ക് ആയിരുന്നു യശസ്വിയുടെ ബാറ്റിന് അന്ന് കൂടുതൽ ഇരയായത്. യശസ്വിയും വിരാട് കോലിയും (143 പന്തിൽ 100) നേടിയ സെഞ്ചുറികളും കെഎൽ രാഹുൽ നേടിയ അർദ്ധസെഞ്ചുറിയും (176 പന്തിൽ 77) ആണ് അന്ന് ഇന്ത്യയ്ക്ക് 295 റൺസിന്റെ കൂറ്റൻ ജയം സമ്മാനിച്ചത്.
5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ നിലവിൽ ഇന്ത്യ 1-0 ന് മുന്നിലാണ്. അഡ്ലെയ്ഡിൽ വിജയിച്ച് ഇന്ത്യയുടെ മുൻതൂക്കം അവസാനിപ്പിക്കാനാണ് ഓസീസിന്റെ ശ്രമം.