തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ദിവ്യാംഗനായ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതം. പ്രതികളായ എസ്എഫ്ഐ പ്രവർത്തകർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിൽ ഇടിമുറികൾ പ്രവർത്തിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് മഹസ്സർ (കുറ്റവിചാരണയ്‌ക്ക് ഹാജരുള്ളവരുടെ മൊഴി) തയാറാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയത്. വയനാട് പൂക്കോട്ട് സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന്റെ കേസന്വേഷണം എങ്ങുമെത്താത്ത നിൽക്കുമ്പോഴാണ് വീണ്ടും എസ്എഫ്ഐയുടെ ഗുണ്ടാവിളയാട്ടം.
ദിവ്യാംഗനായ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് അനസിനെ എസ്എഫ്ഐ പ്രവർത്തകർ വിളിച്ചുവരുത്തി മർദ്ദിച്ച സംഭവം ഇന്നലെയാണ് പുറത്തുവന്നത്. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു. മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.
എസ്എഫ്ഐയുടെ പ്രവർത്തനങ്ങളിൽ സജീവമായില്ലെന്ന് ആരോപിച്ചാണ് അനസിനെ തല്ലിച്ചതച്ചത്. എസ്എഫ്ഐയുടെ നിർദേശങ്ങൾക്ക് എതിരായി
പ്രവർത്തിച്ചാലോ സംസാരിച്ചാലോ ഈ മുറിയിലിട്ട് മർദ്ദിക്കുന്നത് പതിവാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അടുത്തിടെ ഇടിമുറി പൂട്ടിച്ചെങ്കിലും യൂണിറ്റ് ഓഫീസ് എന്ന പേരിൽ വീണ്ടും ഈ മുറി തുറക്കുകയായിരുന്നു. കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് നേരത്തെ കോളേജിനുള്ളിൽ പരിശോധന നടത്തിയത്. പരിശോധനയിൽ ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും പൊലീസ് ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടിമുറി പൂട്ടിച്ചത്.















