തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചുവെന്ന കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യവ്യസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. വൈദ്യപരിശോധനയ്‌ക്ക് ശേഷം സിദ്ദിഖിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയിരുന്നു. സൂപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരമാണ് സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഈ ആക്ഷേപം ഉന്നയിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതൽ പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും പൊലീസ് ആരോപിച്ചു. ഈ സാഹചര്യത്തിൽ പ്രതിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതായി വരും.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ പ്രതി ഹാജരാകണമെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ നേരിട്ടോ സമൂഹമാദ്ധ്യമങ്ങൾ വഴിയോ അധിക്ഷേപ പരാമർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശിച്ചു. പരാതിക്കാരിയെ സ്വാധീനിക്കരുത് എന്നീ നിർദേശങ്ങളും കോടതി നൽകണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.