തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനൊപ്പമാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു.
” കേരളത്തിന്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. ഇതുമായി ബന്ധപ്പെട്ട് വളരെ അനുകൂല സമീപനമാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ദേശീയപാത വികസനം വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുത്ത വകയിൽ കേരളം മുടക്കിയ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്നും ഒഴിവാക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നിരുന്നു.”- മുഹമ്മദ് റിയാസ് പറഞ്ഞു.
നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നീലേശ്വരം മുതൽ തളിപ്പറമ്പ് വരെയുള്ള ദേശീയപാത നിർമാണം 50 ശതമാനം പൂർത്തീകരിച്ചിരിക്കുകയാണ്. തളിപ്പറമ്പ് മുതൽ മുഴപ്പിലങ്ങാട് വരെയുള്ള പാതയുടെ നിർമാണം 58 ശതമാനവും പൂർത്തിയായി. ഇത്തരത്തിൽ ഓരോ ജില്ലകളിലേയും ദേശീയപാത നിർമാണം പൂർത്തിയായി വരികയാണെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ഏറ്റവും ഗതാഗത കുരുക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇത് ഒഴിവാക്കാനായി റോഡുകൾക്ക് വീതി കൂട്ടുകയെന്നത് പ്രായോഗികമായ കാര്യമല്ല. വീടുകൾ പൊളിച്ചു നീക്കുകയും ജനങ്ങളെ പുനരധിവസിപ്പിക്കുകയും വേണം. ഭാവിയിൽ ജനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ട് വീർപ്പുമുട്ടുന്ന അവസ്ഥയുണ്ടാകും. ഇത് ഒഴിവാക്കാനായി ദീർഘവീക്ഷണത്തോടെ ചില പദ്ധതികൾ മുന്നിൽ കണ്ടിട്ടുണ്ടെന്നും ഇത് കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.















