ചെന്നൈ: തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അമരൻ സിനിമയിൽ സായി പല്ലവിയുടേതായി കാണിച്ച മൊബൈൽ നമ്പർ നീക്കം ചെയ്തു. തന്റെ മൊബൈൽ നമ്പർ അമരൻ സിനിമയിൽ ഉപയോഗിച്ചതിലൂടെയുണ്ടായ മാനസിക സംഘർഷത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ചെന്നൈ ഹൈക്കോടതിയിൽ കേസ് നൽകിയതിനെ തുടർന്നാണ് നടപടി . ചെന്നൈ അൽവാറിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥി വാഗീശനാണ് ഹർജി സമർപ്പിച്ചത്.
ശിവ കാർത്തികേയൻ, സായി പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ നായിക സായ് പല്ലവിയുടെ മൊബൈൽ നമ്പറായി ഒരു നമ്പർ കാണിച്ചിരുന്നു. യഥാർത്ഥത്തിൽ ആ നമ്പർ ചെന്നൈയിലെ അൽവാർ സ്വദേശിയായ കോളേജ് വിദ്യാർത്ഥിയായ വാഗീശൻ്റേതായിരുന്നു.
തന്റെ നമ്പർ സിനിമയിൽ വന്നതിനാൽ സായി പല്ലവിയുടെ നമ്പറാണെന്ന് കരുതി ദിവസവും ആയിരക്കണക്കിന് ഫോൺകോളുകൾ തനിക്ക് വരുന്നുണ്ടെന്നും ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം കോടതിയിൽ ഫയൽ ചെയ്ത കേസിൽ പറയുന്നു. അതിനാൽ 1.10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും വാഗീശൻ ആവശ്യപ്പെട്ടു.
കേസ് തീരുന്നത് വരെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നയാവശ്യവും വാഗീശൻ റിട്ട് ഹർജിയിൽ പറയുന്നു. 2024 ഒക്ടോബർ 31 മുതലുള്ള തന്റെ ഫോൺ നമ്പറിനായുള്ള ഇൻകമിംഗ് കോൾ റെക്കോർഡുകൾ ഹാജരാക്കാൻ ഭാരതി എയർടെൽ ലിമിറ്റഡിന് നിർദേശം നൽകണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.
തുടർന്ന് തർക്കത്തിലുള്ള നമ്പർ സിനിമയിൽ നിന്നും ഡിലീറ്റ് ചെയ്തതായി സിനിമാ നിർമ്മാണ കമ്പനി അറിയിച്ചു. സീൻ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സെൻസർ ബോർഡിൽ നിന്ന് പുതിയ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പട്ടു. റിട്ട് കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനാകില്ലെന്ന് പറഞ്ഞ കോടതി വാദം കേൾക്കുന്നത് ഡിസംബർ 20ലേക്ക് മാറ്റിയിട്ടുണ്ട് .