ന്യൂഡൽഹി: കർഷകരുടെ മുഴുവൻ കാർഷിക ഉത്പന്നങ്ങളും കേന്ദ്രസർക്കാർ മിനിമം താങ്ങുവിലയിൽ ഏറ്റെടുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. രാജ്യസഭയിൽ കർഷകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” എല്ലാ കാർഷിക ഉത്പന്നങ്ങളും കേന്ദ്ര സർക്കാർ മിനിമം താങ്ങുവിലയിൽ ഏറ്റെടുക്കും. ഇത് മോദി സർക്കാർ നൽകുന്ന ഉറപ്പാണ്. പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന കാലത്ത് എംഎസ് സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് രേഖാമൂലം പറഞ്ഞിരുന്നു. ഉത്പന്നങ്ങൾക്ക് 50 ശതമാനത്തിനേക്കാൾ കൂടുതൽ നൽകുന്നത് പ്രാവർത്തികമാക്കാൻ സാധിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. തന്റെ പക്കൽ ഇതിനുള്ള തെളിവുകളുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
പ്രതിപക്ഷം അധികാരത്തിലിരുന്ന സമയത്ത് അവർ കർഷകരെ ആദരിച്ചിട്ടില്ല. കർഷകരുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിച്ചിരുന്നില്ല. കാർഷിക ഉത്പന്നങ്ങൾക്ക് ആദായകരമായ വില നൽകാനും പ്രതിപക്ഷം മടിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കാർഷിക ഉത്പന്നങ്ങൾക്ക് അർഹമായ താങ്ങുവില നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തത്.
കർഷകർക്ക് ഉദ്പാദന ചെലവിനെക്കാൾ 50 ശതമാനം ലാഭവും മോദി സർക്കാർ നൽകുന്നുണ്ടെന്നും ശിവരാജ് സിംഗ് ചൗഹാൻ കൂട്ടിച്ചേർത്തു. മൂന്ന് വർഷമായി കേന്ദ്രസർക്കാരിത് തുടരുന്നുണ്ട്. കർഷകർക്ക് അർഹതപ്പെട്ട താങ്ങുവില ലഭിക്കുമെന്നും കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.















