തിരുവനന്തപുരം: കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹത്രയീരത്ന അവാർഡ്-2024 വൈദ്യൻ എം.ആർ വാസുദേവൻ നമ്പൂതിരിക്ക്. ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി.വി. രാമ വാര്യരുടെ സ്മരണയ്‌ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. ആയുർവേദ രംഗത്തെ മഹത്തായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്.
2024 ഡിസംബർ 12 മുതൽ ഡിസംബർ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ പുരസ്‌കാരം നൽകുമെന്നും ആര്യവൈദ്യ ഫാർമസിയുടെ എക്സിക്യുട്ടീവ് ഡയറക്ടർ കൃഷ്ണദാസ് വാര്യർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
1994-ൽ ഏർപ്പെടുത്തിയ ബൃഹത്രയീരത്ന അവാർഡ് ആയുർവേദ രംഗത്തെ അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്. വൈദ്യരാജ് ആത്മാറാം വാമൻ ധാതർ ശാസ്ത്രി, വൈദ്യ വിജെ തക്കർ, വൈദ്യ പന്നിയംപിള്ളി കൃഷ്ണ വാരിയർ തുടങ്ങിയ പ്രമുഖരാണ് മുൻകാലങ്ങളിലെ പുരസ്‌കാര ജേതാക്കൾ.
പരമ്പരാഗത ആയുർവേദ അറിവുകളെ ആധുനിക ചികീത്സാരീതികളുമായി ബന്ധപ്പെടുത്തി വൈദ്യൻമാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രചോദനമേകുന്ന വ്യക്തിയാണ് എം ആർ വാസുദേവൻ നമ്പൂതിരിയെന്ന് ആര്യ വൈദ്യ ഫാർമസി എക്‌സികുട്ടീവ് ഡയറക്ടർ കൃഷ്ണദാസവാര്യർ പറഞ്ഞു. ദശാബ്ദങ്ങളായി തുടരുന്ന പ്രവർത്തനങ്ങളിലുടെ ആയുർവേദമുല്യങ്ങളെ സംരക്ഷിക്കാനും ആയുർവേദ പഠനത്തെ പ്രോത്സാഹിപ്പിക്കാനും അനുകമ്പയാർന്ന ചികിത്സരീതി പിന്തുടരാനും പ്രത്യേകശ്രദ്ധ പതിപ്പിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്നും കൃഷ്ണദാസവാര്യർ ചൂണ്ടിക്കാട്ടി.
ആധുനിക ചികിത്സാ രീതികൾ സംയോജിപ്പിച്ച് പുരാതന വൈദ്യശാസ്ത്രമായ ആയുർവേദത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കാനും സംരക്ഷിക്കാനുമാണ് ആര്യവൈദ്യൻ പി വി രാമവാര്യർ സ്ഥാപിച്ച ആര്യവൈദ്യ ഫാർമസി ലക്ഷ്യം വയ്‌ക്കുന്നത്.