ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശിലേക്ക്. ഡിസംബർ 9ന് അദ്ദേഹം ബംഗ്ലാദേശിലെത്തുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. പുരോഹിതൻ ചിന്മയ് കൃഷ്ണ ദാസിന് നീതിയുക്തമായ വിചാരണ ലഭിക്കണമെന്നാണ് നിലപാടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
” ബംഗ്ലാദേശിലെ പ്രശ്‌നങ്ങൾ ആശങ്കയുണ്ടാക്കുന്നതാണ്. സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി വിദേശകാര്യ സെക്രട്ടറി ഡിസംബർ 9ന് ബംഗ്ലാദേശിലെത്തും. ധാക്കയിലെത്തിയ ശേഷം ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ബംഗ്ലാദേശ് വിഷയത്തിൽ മറ്റ് ചില നിർണായക കൂടിക്കാഴ്ചകളും നടക്കും.”- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് യുനൂസിന്റെ നേതതൃത്വത്തിലുള്ള ഇടക്കാല സർക്കാരിനെ ഇന്ത്യ അറിയിച്ചിരുന്നു. ചിന്മയ് കൃഷ്ണ ദാസിന് നീതിയുക്തമായ വിചാരണ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്നും വിദേശകാര്യ മന്ത്രാലം അറിയിച്ചു. യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരം ഇന്ത്യയിൽ നിന്നും ബംഗ്ലാദേശ് സന്ദർശിക്കുന്ന ആദ്യ ഉദ്യോഗസ്ഥനാണ് വിക്രം മിസ്രി.
മനുഷ്യാവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള അക്രമങ്ങളാണ് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തി തടവിലാക്കപ്പെട്ട പുരോഹിതൻ ചിന്മയ് കൃഷ്ണദാസിന് വേണ്ടി വാദിക്കാൻ കോടതിയിലെത്തിയ അഭിഭാഷകനെയും പ്രതിഷേധക്കാർ മർദ്ദിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ അഭിഭാഷകൻ ഐസിയുവിൽ ചികിത്സയിലാണ്. നിലവിൽ ചിന്മയ് കൃഷ്ണദാസിനായി വാദിക്കാൻ ആരും കോടതിയിലെത്താത്ത അവസ്ഥയിലാണ്. ഇക്കാര്യങ്ങളെല്ലാം വിക്രം മിസ്രി നേരിട്ട് വിലയിരുത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















