മുംബൈ: കസ്റ്റംസ്, സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന 54- കാരനോട് ഫോണിൽ സംസാരിച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ. താനെ സ്വദേശിയിൽ നിന്ന് 59 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഡൽഹിയിൽ നിന്ന് വിളിക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് തട്ടിപ്പ് സംഘം സംസാരിച്ചത്. പണം കൈമാറി ദിവസങ്ങൾക്ക് ശേഷമാണ് കബളിപ്പിക്കപ്പെട്ട വിവരം വയോധികന് മനസിലായത്.
സംഘം നിരവധി തവണ ഫോൺ വിളിച്ച്, പണം ആവശ്യപ്പെടുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരൻ ആരോപിച്ചു. വയോധികന്റെ പേരിൽ ഒരു പാഴ്സൽ വന്നിട്ടുണ്ടെന്നും അതിൽ മയക്കുമരുന്ന് ആണെന്നുമാണ് സംഘം പറഞ്ഞത്. ഈ കേസിൽ നിങ്ങളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നായിരുന്നു തട്ടിപ്പുകാരുടെ ഭീഷണി.
ആദ്യം കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ സംസാരിച്ചത്. കേസ് സിബിഐയ്‌ക്ക് വിടുകയാണെന്നും സിബിഐ ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും വിളിച്ചയാൾ പറഞ്ഞു. കേസ് ഒതുക്കണമെങ്കിൽ പണം നൽകണമെന്നും സംഘം ആവശ്യപ്പെട്ടു.
കേസ് തീർപ്പാക്കണമെങ്കിൽ 59 ലക്ഷം രൂപ നൽകണമെന്ന് തട്ടിപ്പുകാർ പറഞ്ഞു. പിന്നീട് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ വയോധികൻ പണം അയച്ചുകൊടുത്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം സംഭവത്തിൽ സംശയം തോന്നിയ വയോധികൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.