എറണാകുളം: ഗൾഫ് ബാങ്ക് കുവൈത്തിൽ നിന്നും 700 കോടി രൂപ മലയാളികൾ തട്ടിയതായി പരാതി. സംഭവത്തിൽ 1425 മലയാളികൾക്കെതിരെ കേസെടുത്തു. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ ബാങ്കിൽ നിന്നും വായ്പ എടുത്ത ശേഷം വിവിധ രാജ്യങ്ങളിലേക്ക് മലയാളികൾ കടന്നുകളഞ്ഞതായാണ് പരാതി.
2020-22 കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. തട്ടിപ്പ് നടത്തിയവരിൽ ഏറെയും നഴ്‌സുമാരാണ്. ചെറിയ തുകകൾ ബാങ്കിൽ നിന്നും ലോണെടുത്ത ശേഷം ഇത് കൃത്യമായി അടയ്‌ക്കുകയും പിന്നീട് ക്രഡിറ്റ് സ്‌കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് കടന്നുകളയുകയുമായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം ആരംഭിച്ചത്.
കുവൈത്തിൽ നിന്നും ബാങ്ക് അധികൃതർ കേരളത്തിലെത്തിയാണ് പരാതി നൽകിയത്. തട്ടിപ്പ് നടത്തിയവരുടെ വിലാസവും ഇവർ പൊലീസിന് കൈമാറിയിരുന്നു. കേസിൽ 700 ഓളം നഴ്‌സുമാർ ഉൾപ്പെട്ടിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ ഏതെങ്കിലും ഏജന്റുമാരുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.