യുകെയിൽ ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട കുട്ടികളുടെ പേരുവിവരങ്ങൾ പുറത്തുവന്നപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് ‘മുഹമ്മദ്’ (Muhammad). 2023-ൽ ഇംഗ്ലണ്ടിലെയും (England) വെയിൽസിലെയും (Wales) ഏറ്റവും പ്രചാരമുള്ള പേര് ‘മുഹമ്മദ്’ ആണെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) അറിയിച്ചു. വർഷങ്ങളോളം ഈ റെക്കോർഡ് ‘നോഹ’ (Noah) എന്ന പേരിനായിരുന്നു. എന്നാൽ 2023ൽ 4,600 രജിസ്ട്രേഷനുകൾ നേടി ‘മുഹമ്മദ്’ എന്ന പേര് ഒന്നാം സ്ഥാനം സ്വന്തമാക്കി. മുൻവർഷത്തേക്കാൾ (2022) 500 എണ്ണം കൂടുതൽ മുഹമ്മദ് – കുഞ്ഞുങ്ങളായിരുന്നു
2023 – Muhammad (4,661 ആൺകുട്ടികൾ)
2023 – Mohammed, Mohammad, Muhammed, Mohamed (3,069 ആൺകുട്ടികൾ)
2022 – Muhammad (4,177 ആൺകുട്ടികൾ)
കഴിഞ്ഞവർഷം 7,730 ആൺകുട്ടികൾ യുകെയിൽ ഈ പേര് സ്വീകരിച്ചിട്ടുണ്ടെന്ന് ചുരുക്കം. അതായത് 40 കുഞ്ഞുങ്ങളിൽ ഒരാൾ മുഹമ്മദായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
2016 മുതൽ ‘മുഹമ്മദ് ട്രെൻഡ്’ ആരംഭിച്ചതാണെന്നും ആൺകുഞ്ഞുങ്ങൾക്ക് നൽകുന്ന പേരുകളിൽ ഏറ്റവും കൂടുതലുള്ള ആദ്യ പത്തെണ്ണത്തിൽ മുഹമ്മദ് എന്ന പേര് കഴിഞ്ഞ എട്ട് വർഷമായി ഇടംപിടിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. പ്രദേശത്തെ ജനസംഖ്യാശാസ്ത്രത്തിൽ വന്ന കാതലായ മാറ്റമാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ.
2021ലെ കണക്കുപ്രകാരം യുകെയിലെ ആകെ ജനസംഖ്യയുടെ 6.5 ശതമാനം പേരാണ് മുസ്ലീങ്ങൾ. അതായത് നാല് ദശലക്ഷത്തോളം പേർ. ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ താമസിക്കുന്നത് ലണ്ടനിലാണ്. നഗരത്തിലെ 15 ശതമാനം പേർ ഇസ്ലാം മതവിശ്വാസികളാണെന്നും സാക്ഷ്യപ്പെടുത്തുന്നു.
പേരുകളുടെ കാര്യത്തിലേക്ക് വന്നാൽ ആൺ പേരുകളിൽ നോഹയെ പിന്നിലാക്കി മുഹമ്മദ് ഒന്നാമതെത്തിയപ്പോൾ പെൺ പേരുകളിൽ ഇപ്പോഴും രാജ്ഞി ‘ഒലിവിയ’ തന്നെയാണ്. അമേലിയ, ഇസ്ല എന്നീ പേരുകളാണ് തൊട്ടുപിന്നിൽ. 2022 മുതൽ ഇക്കാര്യത്തിൽ മാറ്റം വന്നിട്ടില്ല.
സാംസ്കാരികവും സാമൂഹികവുമായ മാറ്റങ്ങൾ പേരിടലിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ONS റിപ്പോർട്ട്. ഇതാദ്യമായാണ് ഇംഗ്ലണ്ടിലും വെയിൽസിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കുഞ്ഞുങ്ങളുടെ പേരുകളിൽ ഒന്നാം സ്ഥാനത്ത് ഒരു ഇസ്ലാമിക നാമം (Islamic name) വരുന്നതെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.