തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ പുറത്തുവന്നേക്കും. ഏതൊക്കെ ഭാഗങ്ങൾ പുറത്തുവിടണമെന്നതിൽ വിവരാവകാശ കമ്മീഷണറുടെ തീരുമാനം ശനിയാഴ്ച അറിയിക്കും. വിവരാവകാശ നിയമപ്രകാരം അപ്പീൽ നൽകിയ മാദ്ധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ കൈമാറുമെന്നാണ് വിവരം. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ 49 മുതൽ 53 വരെയുള്ള പേജുകളായിരുന്നു സർക്കാർ സ്വന്തം നിലയിൽ വെട്ടിയത്. ജസ്റ്റിസ് ഹേമ നിർദേശിച്ചതിന് പുറമേയുള്ള ഭാഗങ്ങൾ സ്വന്തം നിലയിൽ മുക്കുകയായിരുന്നു സർക്കാർ. ഇത് പുറത്തുവിടുന്നത് സംബന്ധിച്ച് വിവരാവകാശ കമ്മിഷണർ നൽകുന്ന ഉത്തരവ് ശനിയാഴ്ചയുണ്ടാകും.
129 പാരഗ്രാഫുകളാണ് സർക്കാർ ഒഴിവാക്കിയതെന്നാണ് വിവരം. 21 ഖണ്ഡികകൾ നീക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ നിർദേശമെന്നും ഇത് മറികടന്നാണ് കൂടുതൽ പാരഗ്രാഫുകൾ സർക്കാർ സ്വന്തം നിലയിൽ വെട്ടിമാറ്റിയതെന്നുമാണ് വിമർശനമുണ്ടായത്. സംസ്ഥാന സർക്കാർ മുക്കിയ ഖണ്ഡികകളിൽ നിർണായക വിവരങ്ങളുണ്ടെന്നാണ് സൂചന.
അതിക്രൂരമായ ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ ഭാഗങ്ങളാണ് സർക്കാർ ഒഴിവാക്കിയതെന്നാണ് ആക്ഷേപം. സർക്കാരിന്റെ ഭാഗത്തുനിന്ന് മനഃപൂർവമുണ്ടായ വീഴ്ചയ്ക്കെതിരെ അതിരൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വെട്ടിമാറ്റിയ വിവരങ്ങൾ പുറത്തുവരുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തിവച്ചതിന് ശേഷമായിരുന്നു വെളിച്ചം കണ്ടത്. റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ കാണിച്ച അമാന്തം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഒടുവിൽ നിർണായകമായ പല ഭാഗങ്ങളും നീക്കിയ ശേഷം സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടു. ഇതിന്റെ പേരിൽ സിനിമാ മേഖലയിലെ നിരവധിയാളുകൾക്കെതിരെ പരാതിയുമായി അനവധി നടിമാർ രംഗത്തുവരികയും ചെയ്തിരുന്നു.















