ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാല് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ തുറക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്ക് അംഗീകാരം നൽകിയത്. രാജ്യത്ത് 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ നിർണായക തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിസഭയ്‌ക്കും സംസ്ഥാനത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി എക്സിൽ കുറിച്ചു. 5,872 കോടി രൂപ ചെലവിലാണ് സ്കൂളുകൾ നിർമിക്കുന്നത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങളിലൂടെ 5,388 തൊഴിലവസരങ്ങൾ ലഭ്യമാകും. 82,560 വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പഠന സൗകര്യങ്ങളും കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒരുക്കും.
വിദ്യാർത്ഥികൾക്ക് നൂതനവും മികവുറ്റതുമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് കേന്ദ്രീയ വിദ്യാലയങ്ങൾ സഹായിക്കുന്നു. ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ, അൽമോറ, പൗരി ഗർവാൾ തുടങ്ങിയ ജില്ലകളിലാണ് പുതിയ വിദ്യാലയങ്ങൾ തുറക്കുന്നത്.
രാജ്യത്ത് പുതിയ 28 നവോദയ വിദ്യാലയങ്ങൾ നിർമിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. നവോദയ വിദ്യാലയങ്ങൾ നിർമിക്കുന്നതിന് 2,360 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിൽ എട്ടും മദ്ധ്യപ്രദേശിൽ 11 ഉം നവോദയ വിദ്യാലയങ്ങൾ തുറക്കും. ഉത്തർപ്രദേശ്- 5, അരുണാചൽ പ്രദേശ്- 8, തെലങ്കാന- 7, അസം- 7 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലായി അനുവദിക്കപ്പെട്ടിരിക്കുന്ന നവോദയ വിദ്യാലയങ്ങളുടെ എണ്ണം.















