വൈദികപദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മലയാളിയായ ജോർജ് കൂവക്കാട്. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം റോമിലെത്തിയിട്ടുണ്ട്. ഭാരതസഭയ്‌ക്കും കേരളസഭയ്ക്കുമുള്ള അംഗീകാരമാണ് മാർ ജോർജ് കൂവക്കാടിന്റെ കർദിനാൾ പദവിയെന്ന് ജോർജ് കുര്യൻ പറഞ്ഞു.
ലോകത്താമാനമുള്ള ക്രിസ്ത്യാനിമാരിൽ അർപ്പിത മനസുള്ളത് മലയാളി ക്രിസ്തീയ സമൂഹത്തിനാണ്. ലോകം മുഴുവനുള്ള സഭയിൽ മലയാളികൾ സേവനം ചെയ്യുന്നു. ചങ്ങനാശേരി അതിരൂപതയ്‌ക്ക് കീഴിലാണ് അദ്ദേഹം ജനിച്ചത്. ഒരു കാലഘട്ടത്തിൽ 80 ശതമാനത്തിലേറെ വൈദികരെയും കന്യാസ്ത്രീകളെയും ബിഷപ്പുമാരെയും സംഭാവന ചെയ്തിട്ടുള്ള രൂപതയാണ് ചങ്ങനാശേരി അതിരൂപത. അതുകൊണ്ട് തന്നെ ഇതൊരു അംഗീകാരമാണ്. 51-ാം വയസിൽ കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത് വളരെ അപൂർവമാണ്. ഭാവിയിൽ കത്തോലിക്ക സഭയിൽ കേരളീയർക്കും ഭാരതീയർക്കും വലിയൊരു പ്രാതിനിധ്യമുണ്ടാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഭാരതസഭയുടെ ചരിത്രലാദ്യമായാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്നത്. കത്തോലിക്കസഭയിൽ മാർപാപ്പ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന പദവി വഹിക്കുന്നയാളാണ് കർദിനാൾ. ചങ്ങനാശേരി അതിരൂപതയിൽ മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവർക്കു ശേഷം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് ചങ്ങനാശേരി മാമ്മോട് ഇടവക അംഗമായ ആർച്ച് ബിഷപ്പ് മാർ ജോർജ് ജേക്കബ് കൂവക്കാട്.
മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കുന്ന ചടങ്ങ് ഇന്ത്യൻ സമയം രാത്രി ഒൻപതിന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. കൂവക്കാടിനൊപ്പം 20 പേരെയും കർദിനാൾ പദവിയിലേക്ക് ഉയർത്തും. എട്ടാം തീയതി ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ടിന് പുതിയ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും.
2020 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ യാത്രകൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമാണ് മാർ ജോർജ് കൂവക്കാട് നിർവഹിക്കുന്നത്. മാതാപിതാക്കളായ ജേക്കബ് വർഗീസും ത്രേസ്യാമ്മയും സഹോദരൻ ആന്റണിയും ചടങ്ങിൽ പങ്കെടുക്കും. ചങ്ങനാശ്ശേരിയിൽ നിന്ന് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന്റെ നേതൃത്വത്തിൽ മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെയുള്ള 12 അംഗസംഘവും ചടങ്ങിൽ പങ്കെടുക്കും.















