ബെംഗളൂരു: കരിമ്പ് ചതയ്ക്കുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി ഡ്രൈവർ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കർണാടകയിലെ വിജയപുരിയിലാണ് അപകടമുണ്ടായത്. ആലിയബാദ് സ്വദേശികളായ അഞ്ച് പേരാണ് മരിച്ചത്. വിജയപുര താലിക്കോട്ടയിൽ ബിലെഭാവി ക്രോസ് റോഡിൽ ഇന്നലെയായിരുന്നു അപകടം.
യാദിറിൽ നിന്ന് ആലിയബാദിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. റോഡിന് സമീപത്തായി നിർത്തിയിട്ടിരുന്ന കരിമ്പ് വിളവെടുക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ വാഹനത്തിലേക്ക് കാറിടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനത്തിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു.
നെല്ല് കൊയ്യുന്ന യന്ത്രത്തിന് സമാനമായി കരിമ്പ് വിളവെടുക്കാൻ ഉപയോഗിക്കുന്ന കൂറ്റൻ യന്ത്രമടങ്ങിയ വാഹനമാണ് റോഡരികിയിൽ നിർത്തിയിട്ടിരുന്നത്. ഈ വാഹനത്തിലേക്കാണ് നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറിയത്. പൊലീസും നാട്ടുകാരും ചേർന്ന് തകർന്ന വാഹനത്തിനകത്ത് നിന്നും മൃതദേഹം പുറത്തെടുത്തു. അഞ്ച് പേരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















