ബെംഗളൂരു: ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഗോവയിലേക്ക് തിരിച്ച കുടുംബം ഒടുവിൽ ചെന്നെത്തിയത് കൊടുംവനത്തിനുള്ളിൽ. ബിഹാർ സ്വദേശികൾക്കാണ് ഗൂഗിൾ മാപ്പ് ഇത്തവണ പണി കൊടുത്തത്. കൊടുംവനത്തിൽ പെട്ട ഇവർക്ക് ഒടുവിൽ പുറത്തേക്കുള്ള വഴി മനസിലാകാതെ വന്നതോടെ ഒരു രാത്രി മുഴുവൻ ഇതിനുള്ളിൽ തന്നെ ഭയന്ന് കഴിയേണ്ടിയും വന്നു. കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് കാറിനുള്ളിൽ ഉണ്ടായിരുന്നത്.
കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഭീംഗഡ് വനത്തിനുള്ളിലാണ് ഇവർ അകപ്പെട്ടുപോയത്. ഷിരോലിയ്‌ക്കും ഹെമ്മദാഗയ്‌ക്കും ഇടയിൽ എളുപ്പവഴി കണ്ടതോടെയാണ് ഇവർ ഈ വഴിയിലേക്ക് കാർ തിരിച്ച് വിട്ടത്. അപകടസാധ്യത തോന്നാത്തതിനാൽ ഈ വഴി മുന്നോട്ട് പോവുകയും ചെയ്തു. എട്ട് കിലോമീറ്ററോളം ദൂരം ഉള്ളിലേക്ക് പോയതോടെ വഴി മോശമാവുകയും നെറ്റ്‌വർക്ക് നഷ്ടമാവുകയും ചെയ്തു. ഇതോടെ ഇവർ പരിഭ്രാന്തരായി. ഇരുട്ട് ആയതിനാൽ ചുറ്റുമുള്ള വഴി മനസിലാക്കാനും സാധിച്ചില്ല. ഇതോടെ കാറിനുള്ളിൽ തന്നെ കഴിയാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
പുലർച്ചെ നാല് കിലോമീറ്ററോളം ദൂരം നടന്നതിന് ശേഷമാണ് ഇവർ നെറ്റ്‌വർക്ക് കവറേജ് ഉള്ള ഇടത്ത് എത്താനായത്. ഉടൻ തന്നെ ഇവർ എമർജൻസി ഹെൽപ്പ്ലൈനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ലോക്കൽ പൊലീസിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.















