പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. നവീൻ ബാബു തൂങ്ങിമരിച്ചെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശീരത്തിൽ മുറിവേറ്റതിന്റെ പാടുകളോ ചതവുകളോ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ സമയത്ത് വിവരം അറിയിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പോസ്റ്റുമോർട്ടം നടത്തുന്നതിന് മുൻപായി നവീൻ ബാബുവിന്റെ ബന്ധുക്കളുടെ പക്കൽ നിന്നും രേഖാമൂലം അനുമതി തേടിയിരുന്നില്ല.
തുടക്കം മുതൽ നവീൻ ബാബുവിന്റേത് തൂങ്ങിമരണമെന്നായിരുന്നു പരിയാരം മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞിരുന്നത്. നവീൻ ബാബുവിന്റെ മരണത്തിൽ സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാൽ ഇത് പരിഗണിക്കാതെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടം നടത്തുകയായിരുന്നുവെന്നും കുടുംബം ആരോപിച്ചു.
ആന്തരാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയക്കണമെന്ന ചട്ടങ്ങളും ആശുപത്രി അധികൃതർ പാലിച്ചില്ല. ആന്തരാവയവങ്ങൾ സൂക്ഷിക്കാതെയാണ് പോസ്റ്റുമോർട്ടം നടത്തിയിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെന്ന് പൊലീസ് പറയുമ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ഭാര്യ മഞ്ജുഷ വ്യക്തമാക്കി.