കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല. പുറത്തുവിടുന്നതിനെതിരെ പുതിയ പരാതി ലഭിച്ചെന്ന് വിവരവകാശ കമ്മീഷൻ അറിയിച്ചു. ഇത് പരിശോധിച്ച ശേഷം മാത്രമാകും ഉത്തരവുണ്ടാവുക. ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യമാക്കി വയ്‌ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണോ ഇത്തരം തടസഹർജികളെന്ന വിമർശനം ശക്തമാണ്.
വിവരവകാശ നിയമപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകിയപ്പോൾ അഞ്ച് പേജുകളും 11 ഖണ്ഡികകളും തങ്ങളെ അറിയിക്കാതെ ഒഴിവാക്കിയെന്ന ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമപ്രവർത്തകർ അപ്പീൽ നൽകിയത്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ 49 മുതൽ 53 വരെയുള്ള പേജുകളായിരുന്നു സർക്കാർ സ്വന്തം നിലയിൽ വെട്ടിയത്. ജസ്റ്റിസ് ഹേമ നിർദേശിച്ചതിന് പുറമേയുള്ള ഭാഗങ്ങൾ സ്വന്തം നിലയിൽ സർക്കാർ മുക്കി. ഇത് പുറത്തുവിടുന്നത് സംബന്ധിച്ച് വിവരാവകാശ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെയാണ് ട്വിസ്റ്റുണ്ടായത്.
33 ഖണ്ഡികകളിൽ വ്യക്തിഗത വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് വിവരവകാശ കമ്മീഷൻ അവ ഒഴിവാക്കിയിരുന്നു. അതിന് ശേഷമുള്ളത് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ഒഴിവാക്കാമെന്നും നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിന്റെ മറവിൽ 101 ഖണ്ഡികകളോളം സർക്കാർ സ്വമേധയാ ഒഴിവാക്കി. ബാക്കി 233 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിടുമെന്ന് അറിയിച്ചിരുന്നത്.
റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് നടി രഞ്ജിനിയുടെ ഹർജിയിൽ ഹൈക്കോടതി തള്ളിയതിന് പിന്നാലെ സർക്കാരിന്റെ ഒഴിവാക്കൽ പട്ടികയിൽ ഇല്ലാതിരുന്ന 49 മുതൽ 53 വരെയുള്ള 11 ഖണ്ഡികകൾ അപേക്ഷകരെ അറിയിച്ചില്ല. വിവരവകാശ കമ്മീഷന്റെ ഉത്തരവ് ലംഘിച്ചു. ഈ പട്ടികയിൽ ഇല്ലാതിരുന്നവയും പിന്നീട് ഒഴിവാക്കിയതാണ് പരാതിയിലേക്ക് എത്തിച്ചത്.
അതിക്രൂരമായ ചൂഷണങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ അടങ്ങിയ ഭാഗങ്ങളാണ് സർക്കാർ ഒഴിവാക്കിയതെന്നാണ് വിമർശനം. പല ഉന്നതരുടെയും പേരുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും ആക്ഷേപമുണ്ട്. സർക്കാരിന്റെ ഭാഗത്ത് നിന്ന് മനഃപൂർവമായ വീഴ്ചയുണ്ടായിയെന്ന് ചൂണ്ടിക്കാട്ടി വിമർശനമ ഉയർന്നിരുന്നു.















