2019ലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിന് പിന്നാലെ അടച്ചിട്ട പാരിസിലെ പ്രശസ്തമായ നോട്രെ ഡാം കത്തീഡ്രൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വീണ്ടും തുറക്കുന്നു. അഞ്ചര വർഷങ്ങൾക്ക് മുൻപുണ്ടായ തീപിടിത്തത്തിൽ കത്തീഡ്രലിന്റെ മേൽക്കൂരയും പ്രധാന ഭാഗങ്ങളും കത്തി നശിച്ചിരുന്നു. 700 മില്യൺ യൂറോയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് വീണ്ടും കത്തീഡ്രൽ തുറന്നു നൽകുന്നത്.
വിപുലമായ ചടങ്ങുകളാണ് ഇതിന്റെ ഭാഗമായി പാരിസിൽ ഒരുക്കിയിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് 40 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ ചടങ്ങുകളുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി, ബ്രിട്ടനിലെ വില്യം രാജകുമാരൻ എന്നിവർ ക്ഷണിക്കപ്പെട്ട അതിഥികളിൽ ഉൾപ്പെടുന്നു. ഫ്രാൻസിസ് മാർപാപ്പയ്‌ക്കും ക്ഷണമുണ്ടെങ്കിലും അദ്ദേഹം നേരിട്ട് പങ്കെടുക്കില്ലെന്നും, മാർപാപ്പ നൽകുന്ന സന്ദേശം ചടങ്ങിൽ വായിക്കുമെന്നുമാണ് വിവരം.
പ്രാർത്ഥനാസഭ, സംഗീത പരിപാടികൾ, വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയ ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ചാണ് ഇന്ന് മുതൽ ആരംഭിക്കുന്ന പ്രാർത്ഥനാസഭയ്‌ക്ക് നേതൃത്വം നൽകുന്നത്. ഞായറാഴ്ച പള്ളിക്കുള്ളിൽ ആദ്യ കുർബാന നടത്തും. ചുണ്ണാമ്പുകല്ല്, ഓക്ക് മരത്തിന്റെ തടി എന്നിവ പള്ളിയുടെ പുനർനിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ നിന്നായി ലഭിച്ച സംഭാവനകൾ സ്വീകരിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.















