കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരുന്നതിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്ന് സംസ്കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി നൽകിയ ശുപാർശകൾ നടപ്പിലാക്കാനുള്ള എല്ലാ നടപടിയും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും നിയമപരമായ കാര്യങ്ങൾ കോടതി പരിശോധിക്കുകയാണെന്നും സജി ചെറിയാൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.
“കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടക്കുന്നത്. റിപ്പോർട്ട് പൂർണമായും പുറത്തുവിടണമെന്ന് ഹൈക്കോടതി നിർദേശിച്ചാൽ സർക്കാർ അത് ചെയ്യും. ഞങ്ങൾക്ക് ഒന്നും മറച്ചുവക്കാനില്ല. സർക്കാർ എന്തിനാണ് മറച്ചുവക്കുന്നത്. പുറത്തുവിടാൻ വേണ്ടി സർക്കാർ തീരുമാനിച്ചപ്പോൾ വിവരാവകാശ കമ്മീഷൻ തന്നെയാണ് അതിന് അനുവദിക്കാത്തത്. കോടതിയും കമ്മീഷനും റിപ്പോർട്ട് പുറത്ത് വിടാൻ പറഞ്ഞാൽ സർക്കാരിന് എതിർപ്പില്ല.
റിപ്പോർട്ടിലെ നീക്കം ചെയ്തുവെന്ന് പറയുന്ന ഏഴ് പേജുകൾ പുറത്തുവരുന്നുവെന്നതിൽ സർക്കാർ എന്തിന് ഭയപ്പെടണം. പുറത്തുവരട്ടെ. റിപ്പോർട്ടിനകത്ത് എന്തെങ്കിലും ഉണ്ടോയെന്ന് എനിക്കറിയില്ല. ഞാൻ റിപ്പോർട്ട് വായിച്ചിട്ടില്ല. ആരെങ്കിലും നിയമനടപടി സ്വീകരിച്ച് അത് പുറത്തുകൊണ്ടുവരുന്നെങ്കിൽ അങ്ങനെ നടക്കട്ടെ”.
മലയാള സിനിമാരംഗത്ത് നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഡബ്ല്യൂസിസി നൽകിയ അപ്പീലിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിക്കുന്നത്. സർക്കാർ എല്ലാ നടപടിയും സ്വീകരിച്ചുവരികയാണെന്നും സജി ചെറിയാൻ പറഞ്ഞു.















