ടെലിവിഷൻ സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് മുതിർന്ന സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി. സീരിയലുകൾക്ക് സെൻസർഷിപ്പ് വേണമെന്ന് ആദ്യം പറഞ്ഞത് താനാണെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നുണ്ടെന്നും ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്ന് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന സീരിയലുകളിലെ ചില രംഗങ്ങൾ എൻഡോസൾഫാനേക്കാൾ വിഷമുള്ളവയാണെന്നും സ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്‌മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകളാണെന്നും ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്‌ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമില്ലെന്ന് പറയുന്നതിനോട് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെലിവിഷൻ സീരിയലുകൾ എൻഡോസർഫാൻ പോലെ വിഷമയമാണെന്ന പ്രേം കുമാറിന്റെ പരാമർശം ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. സീരിയൽ, സിനിമാ മേഖലകളിൽ നിന്ന് നിരവധി പേരാണ് പ്രേംകുമാറിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. ഇതിനിടെയാണ് പ്രേംകുമാറിനെ പിന്തുണച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റുമായി ശ്രീകുമാരൻ തമ്പി രംഗത്തെത്തിയത്.
“സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. സ്വന്തമായി പരമ്പര നിർമിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെയാണ് ഞാൻ ഈ അഭിപ്രായം തുറന്നു പറഞ്ഞത്. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തോട് പൂർണമായും യോജിക്കുന്നു. എന്നാൽ പ്രേംകുമാറിനെ എതിർത്തുകൊണ്ട് ആരൊക്കെയോ രംഗത്ത് വന്നിരിക്കുന്നതായി കാണുന്നു.
തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്‌ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ്പ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസിലാക്കണം. ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങൾ എൻഡോസൾഫാനേക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്.
ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്ത് ദ്രോഹവും ചെയ്യാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയാറാകുന്നതാണ് പ്രധാന പ്രമേയം. ഇക്കൂട്ടത്തിൽ അമ്മയും അമ്മായിയമ്മയും സഹോദരികളും നാത്തൂന്മാരുമൊക്കെ മാറിമാറിയോ ഒരുമിച്ചോ വരും.
ഈ അനീതിക്ക് അവസാനമുണ്ടായേ മതിയാകൂ. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്‌ക്ക് തയാറാകണം. അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത്” – ശ്രീകുമാരൻ തമ്പി കുറിച്ചു.















