മുംബൈ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനും കുടുംബത്തിനും ബിനാമി കേസിൽ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്. മൂന്ന് വർഷം മുൻപ് ആദായനികുതി വകുപ്പ് 1,000 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ കേസിലാണ് ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്.
അജിത് പാവർ സ്വത്ത് വെട്ടിപ്പ് നടത്തിയെന്ന ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങൾ ട്രിബ്യൂണൽ തള്ളി. അജിത് പവാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. മുംബൈ, പൂനെ, ബരാമതി, ഗോവ, ജയ്പൂർ തുടങ്ങി 70 ഓളം സ്ഥളങ്ങളിൽ നടത്തിയ പരിശോധനകളിൽ 183 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കളും ബിനാമി ഇടപാടുകളും നടന്നിട്ടുണ്ടെന്നായിരുന്നു ആദായ വകുപ്പിന്റെ ആരോപണം.
ഇതേതുടർന്ന് അജിത് പവാറിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ ആദായനികുതി വകുപ്പ് കണ്ടുകെട്ടുകയായിരുന്നു. ഡൽഹിയിലെ ഒരു ഫ്‌ളാറ്റ്, ഗോവയിലെ ഒരു റിസോർട്ട്, മഹാരാഷ്‌ട്രയിലെ 27 ലാൻഡുകൾ, പാർത്ഥ് പവാറിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ നരിമാൻ പോയിന്റിലെ ഓഫീസ്, ജരന്ദേശ്വർ എസ്എസ്‌കെ എന്നിവ ഈ ആസ്തികളിൽ ഉൾപ്പെടുന്നു.
സ്ഥാപനങ്ങളിലെ രേഖകളിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥർ അജിത് പവാറിനെതിരെ കേസെടുത്തത്. എന്നാൽ ബിനാമി കേസുമായി ബന്ധപ്പെട്ട്, രേഖകൾ പരിശോധിച്ചതിൽ നിന്നും ആരോപണങ്ങൾ ശരിവയ്‌ക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി.















