ആരാണ് ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കാത്തത്, അല്ലേ? വിവിധ രാജ്യങ്ങളിലെ കാണാകാഴ്ചകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർ പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ ഒരു ‘ബക്കറ്റ് ലിസ്റ്റ്’ തന്നെ തയ്യാറാക്കിയിട്ടുണ്ടാകും. ആ ലിസ്റ്റിൽ ചുവടെ പറയുന്ന രാജ്യങ്ങളുണ്ടോയെന്ന് നോക്കിക്കോളൂ, ഉണ്ടെങ്കിൽ സൂക്ഷിക്കണം!!
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ആഗോള സമാധാന സൂചികയിലാണ് ഈ മുന്നറിയിപ്പുള്ളത്. ഓരോ രാജ്യങ്ങളും എത്രമാത്രം അപകടകരമാണെന്നും സുരക്ഷിതമാണെന്നും വിശദമാക്കുന്നതാണ് ഈ റിപ്പോർട്ട്. 23 വ്യത്യസ്ത സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. രാഷ്‌ട്രീയ ഭീകരത, ആഭ്യന്തര കലാപങ്ങളുടെ തൽഫലമായി റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ, കൊലപാതകനിരക്ക് തുടങ്ങി ഒട്ടേറ വസ്തുതകൾ പരിഗണിച്ച് ഒരു രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന സുരക്ഷിതത്വം എത്രമാത്രമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024ലെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ ആദ്യ ഏഴിൽ ഇടംപിടിച്ചവ ഇതെല്ലാം..
യെമൻ
ഏഷ്യൻ രാജ്യമായ യെമനാണ് സുരക്ഷിതത്വത്തിൽ ഏറ്റവും പിറകിലുള്ളത്. വിനോദസഞ്ചാരികൾക്ക് ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേക്കാവുന്ന രാജ്യമായി യെമനെ കണക്കാക്കുന്നു.
സുഡാൻ
2023ൽ ആഭ്യന്തര കലാപം വർദ്ധിച്ചതോടെ സുഡാനിൽ ഭീതിതമായ അന്തരീക്ഷമാണ്. സൈന്യവും വിമതരും തമ്മിൽ നടക്കുന്ന സായുധപോരാട്ടത്തിൽ പ്രതിദിനം നിരവധി പേരാണ് സുഡാനിൽ മരിച്ചുവീഴുന്നത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ സുഡാൻ സന്ദർശനം വിനോദസഞ്ചാരികൾക്ക് അനുയോജ്യമല്ല.
സൗത്ത് സുഡാൻ
ആഭ്യന്തര കലാപത്തിൽ സൗത്ത് സുഡാനും മുന്നിലാണ്. അതിനാൽ ഇവിടേക്കും കടക്കാതിരിക്കുന്നതാണ് ഉചിതം.
അഫ്ഗാനിസ്ഥാൻ
ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാൻ. താലിബാൻ ഭരണകൂടത്തിന്റെ വ്യവസ്ഥകളാണ് ഇതിന് കാരണമായി കണക്കാക്കുന്നത്.
യുക്രെയ്ൻ
2022ൽ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധത്തിന് ശേഷം യുക്രെയ്നിൽ സാധാരണക്കാരുടെ ജീവന് ഭീഷണി ഉയർന്നിരുന്നു. യുദ്ധം അവസാനിക്കുന്നത് വരെയും യുക്രെയ്നിലേക്ക് കാഴ്ചകൾ കാണാൻ പോകാതിരിക്കുന്നതാകും നല്ലത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
സായുധസേനയും വിമതരും തമ്മിൽ പ്രതിദിനം സംഘർഷം നടക്കുന്ന കോംഗോയിൽ സമാധാനപൂർണമായ ജീവിതം നയിക്കുക പ്രയാസകരമാണ്.
റഷ്യ
യുക്രെയ്നിലേക്ക് അധിനിവേശം നടത്തി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം റഷ്യയെ നിരവധി രാജ്യങ്ങൾ ഉപരോധിച്ചിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് ഇവിടം അത്ര സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.















