മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിടുന്നതായി സന്ദേശം. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് സന്ദേശം എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
രണ്ട് ഐഎസ്‌ഐ ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു സന്ദേശം. പ്രധാനമന്ത്രിയാണ് ഇവരുടെ ലക്ഷ്യമെന്നും സ്‌ഫോടനത്തിലൂടെ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിടുന്നതെന്നും സന്ദേശത്തിൽ പറയുന്നു. മുംബൈ ട്രാഫിക് പൊലീസിന്റെ ഹെൽപ്പ്‌ലൈനിലേക്ക് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശമെത്തിയത്.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സന്ദേശം അയച്ച വ്യക്തി മദ്യലഹരിയിലോ മറ്റ് പ്രശ്‌നങ്ങൾ കൊണ്ടോ അയച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇതിന് മുൻപും മുംബൈ ട്രാഫിക് പൊലീസിന്റെ ഹെൽപ്പ്‌ലൈൻ നമ്പറിലേക്ക് വ്യാജ സന്ദേശങ്ങൾ എത്തിയിരുന്നു.















